മുസ്തഫല്‍ ഫൈസിയുടെ സസ്പെന്ഷന്; ലീഗിന്റെ അതൃപ്തിക്കിടെ വിശദീകരണവുമായി സമസ്ത നേതൃത്വം
Saturday, February 8, 2025 1:42 AM IST
കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരേ പ്രസംഗിക്കുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി സമസ്ത മുശാവറ അംഗം എം.പി. മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്ത നടപടിയെത്തുടര്‍ന്ന് സമസ്ത- ലീഗ് ബന്ധം കൂടുതല്‍ വഷളാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സസ്പെന്‍ഷനെ ന്യായീകരിച്ച് സമസ്ത രംഗത്തെത്തി.
മത പണ്ഡിതന്മാരെയും സമസ്തയെയും സമസ്ത പ്രസിഡന്റിനെയും വളരെയധികം ഇകഴ്ത്തി പ്രസംഗിച്ചതിനാണ് എം.പി. മുസ്തഫല്‍ ഫൈസിയെ സസ്പെൻഡ് ചെയ്തത്. ചില മാധ്യമങ്ങള്‍ വിഷയം മറ്റൊരു ദിശയിലേക്കു തിരിച്ചുവിടുന്നു.
സമസ്തയുടെ മുസ്ലിം ലീഗ് വിരുദ്ധ നിലപാടുകൊണ്ടാണ് മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്നു പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചാരണത്തിലൂടെ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ സൂക്ഷിക്കണം.
ലീഗും സമസ്തയും തമ്മിലുള്ള സൗഹൃദ ബന്ധത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ എല്ലാവരും തിരിച്ചറിയണമെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാര് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.