കാന്തല്ലൂരിൽ കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Friday, February 7, 2025 4:47 AM IST
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ ചമ്പക്കാട് കോളനിക്കു സമീപത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ചമ്പക്കാട് കുടി സ്വദേശി വിമല്‍ എന്ന വിമലൻ (57) ആണ് ഇന്നലെ കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ 8.40ന് ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണ് വിമലൻ കൊല്ലപ്പെട്ടത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കള്ളിക്കാട് ഭാഗത്ത് ഫയര്‍ ലൈന്‍ തെളിക്കാന്‍ പോയതായിരുന്നു ആദിവാസി വിഭാഗത്തില്‍പ്പെട്ട വിമലൻ. വനം വകുപ്പിന്റെ താത്കാലിക വാച്ചറായിരുന്ന വിമലൻ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗമാണ്.
ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫയർ ലൈൻ തെളിക്കാൻ പോയത്. ചിന്നാർ വനം ചെക്ക് പോസ്റ്റിൽനിന്ന് ഒരു കിലോമീറ്ററോളം ദൂരെയാണ് സംഭവമുണ്ടായത്.
2013ൽ തമിഴ്നാട്ടിലെ ആശുപത്രിയിൽ പോയി മടങ്ങി വരും വഴി ചമ്പക്കാട് ഭാഗത്തുവച്ച് ഇതേ കോളനിയിൽ താമസക്കാരനായിരുന്ന കെ. സുരേഷിനെ യും, 2018 ൽ ചുങ്കത്തുള്ള വനം വകുപ്പിന്റെ ക്യാമ്പിൽനിന്ന് മടങ്ങിവരുകയായിരുന്ന വാച്ചർ എം. നാഗരാജിനെയും കാട്ടാന കൊലപ്പെടുത്തിയിരുന്നു.