പാതിവില തട്ടിപ്പ് പരാതികൾ കൂടുന്നു; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളും
Friday, February 7, 2025 4:26 AM IST
കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ പിരിച്ച പണത്തിന്റെ കണക്കും പരാതികളുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ശേഖരിച്ചു. ഇഡിക്ക് പുറമേ സംസ്ഥാനവ്യാപകമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പും ശേഖരിച്ചുവരികയാണ്.
ഹൈറിച്ച് മണി ചെയിന്‍ മാതൃകയിലായിരുന്നു അനന്തു കൃഷ്ണന്റെ തട്ടിപ്പെന്നാണ് വിലയിരുത്തല്‍. നിലവില്‍ പോലീസ് ചുമത്തിയ വഞ്ചനാക്കുറ്റം ഇഡിക്ക് അന്വേഷണം ആരംഭിക്കാന്‍ പര്യാപ്തമാണ്. വിവരശേഖരണം ഉടന്‍ പൂര്‍ത്തിയാക്കി അന്വേഷണം ഇഡി ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
തട്ടിപ്പിന്റെ വ്യാപ്തിയും പണം പോയ വഴിയും കൃത്യമായി അറിയണമെങ്കില്‍ ഇഡി അന്വേഷണം അനിവാര്യമാണ്. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി അനന്തു കൃഷ്ണന് വിദേശത്തേക്കു കടത്തിയോ എന്ന സംശയവും ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. അറസ്റ്റിന് മുമ്പ് അനന്തു കൃഷ്ണന് വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
‘സൈനും’തട്ടിപ്പിന്റെ ഇര: എ.എന്‍. രാധാകൃഷ്ണന്
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ തനിക്കു പങ്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്. കേസില്‍ അറസ്റ്റിലായ അനന്തു കൃഷ്ണന് കോ-ഓര്‍ഡിനേറ്ററായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷനുമായി എ.എന്‍. രാധാകൃഷ്ണന് ഉള്‍പ്പെട്ട ‘സൈന്‍’ എന്ന സന്നദ്ധ സംഘടന സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാധാകൃഷ്ണന്റെ പ്രതികരണം.
താനും കബളിപ്പിക്കപ്പെട്ടെന്ന് കെ.എന്‍. ആനന്ദകുമാര്‍
കൊച്ചി: താനും കബളിപ്പിക്കപ്പെട്ടെന്ന് സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ.എന്‍. ആനന്ദകുമാര്‍. തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിയും അനന്തുകൃഷ്ണന് ആണ്. അനന്തുകൃഷ്ണന്റെ നാലു കമ്പനികളാണ് ഇതില്‍ ഭാഗമായിട്ടുള്ളത്. പണം മുഴുവന്‍ സ്വീകരിച്ചതും രസീത് കൊടുക്കുന്നതും കരാറുണ്ടാക്കിയതും അയാളാണ്. അനന്തു കൃഷ്ണന്റെ ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞാണ് രാജിവച്ചതെന്നും ആനന്ദകുമാര്‍ പറഞ്ഞു.
പണം തിരികെ നല്‍കുമെന്ന് അനന്തുവിന്റെ ശബ്ദസന്ദേശം
കൊച്ചി: ഫണ്ട് ലഭിക്കുന്നതിലെ കാലതാമസത്തെ തുടര്‍ന്നാണ് പണം നല്കാന് വൈകിയതെന്നു പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന്റെ ശബ്ദസന്ദേശം. ജയിലില്‍ നിന്നിറങ്ങിയാല്‍ പണമോ സാധനങ്ങളോ തിരികെ നല്‍കും. പോലീസ്സ്റ്റേഷനില്‍ നിന്ന് സീഡ് സൊസൈറ്റിക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കുന്നത്.