കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല: ശിക്ഷാ ഇളവു വേണമെന്ന എസ്ഐയുടെ ഹര്‍ജി സര്‍ക്കാര്‍ തള്ളി
Saturday, February 8, 2025 1:42 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: കേരളത്തിനും സംസ്ഥാന പോലീസ് സേനയ്ക്കും കളങ്കം സൃഷ്ടിച്ച ആദ്യ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ടു വകുപ്പുതല നടപടിക്കു വിധേയനായ പോലീസ് സബ് ഇന്‍സ്പെക്ടര്‍, താന്‍ നിരപരാധിയാണെന്നും ശിക്ഷാ ഇളവു വേണമെന്നും ആവശ്യപ്പെട്ടു നല്കിയ പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ തള്ളി.
കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായിരുന്ന എം.എസ്. ഷിബുവാണ് ഹര്‍ജി നല്‍കിയത്. പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റിലെ അവസാന സ്ഥാനത്തേക്കു തരംതാഴ്ത്തിയ നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ഒരു ആവശ്യങ്ങളിലൊന്ന്.
എം.എസ്. ഷിബുവിന്റെ തെറ്റായ നടപടിയിലൂടെ, കേരള പോലീസിന്റെ യശസിന് തീരാകളങ്കമുണ്ടായി, അതുവഴി ദുരഭിമാന കൊലപാതക പട്ടികയില്‍ കേരളം ഉള്‍പ്പെട്ടു, ബോധപൂര്‍വം കൃത്യവിലോപം നടത്തി തുടങ്ങിയവയാണ് ഹര്‍ജി തള്ളാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
2018 മേയ് 28ന് പുലര്‍ച്ചെ കോട്ടയം നട്ടാശേരി സ്വദേശി കെവിന് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട എം.എസ്. ഷിബുവിനെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇതു റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുത്തു. ഇതിനെതിരേ കെവിന്റെ പിതാവ് നല്കിയ പരാതിയില്‍ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു.
ഇതിനിടെ എം.എസ്. ഷിബു നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ക്രമസമാധാന പാലന ചുമതലയില്‍ നിന്നൊഴിവാക്കി അദേഹത്തെ 2020 ജനുവരിയില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയും സീനിയോറിറ്റി ലിസ്റ്റില്‍ അവസാനത്തെ സ്ഥാനത്തേക്കു തരംതാഴ്ത്തുകയുമായിരുന്നു.
മേയ് 27ന് കെവിനെ മാന്നാത്തുനിന്ന് ഏറ്റുമാനൂര്‍ സ്വദേശി ഷാനുവും സംഘവുമാണു തട്ടിക്കൊണ്ടുപോയത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന് രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കെവിനുമായുള്ള നീനുവിന്റെ ബന്ധത്തോട് പിതാവിനും സഹോദരനും കടുത്ത എതിര്‍പ്പായിരുന്നു. ഈ പകയാണ് കെവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിനെ അക്രമിസംഘം അന്നുതന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി വൈകിയതാണ് കെവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം മേയ് 27ന് രാവിലെ ആറിന് അറിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുവാന്‍ സബ് ഇന്‍സ്പെക്ടര്‍ ഷിബു തയാറായില്ലെന്നും വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.