10 ജീവനക്കാരില്‍ കൂടുതലുള്ള സ്കൂളുകളില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കണം
Saturday, February 8, 2025 1:42 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: പത്തു ജീവനക്കാരില്‍ കൂടുതലുള്ള സ്കൂളുകളില്‍ പോഷ് ആക്ട് പ്രകാരം ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താത്കാലികം) സ്ഥാപന മേധാവികള്‍ അവരുടെ സ്ഥാപനത്തില്‍ പോഷ് ആക്ട് പ്രകാരം ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലും അതിന്റെ അധികാര പരിധിയിലുള്ള ഉപ കാര്യാലയങ്ങളിലും എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലും ഇത്തരം കമ്മിറ്റി രൂപീകരിക്കണമെന്ന് ഉത്തരവിലുണ്ട്.
കമ്മിറ്റി രൂപീകരിച്ച ശേഷം അതിന്റെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ പോഷ് പോര്‍ട്ടലില്‍ (posh.wcd. kerala.gov.in) രേഖപ്പെടുത്തണം. ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്. സാക്ഷ്യപത്രം ജില്ലകളില്‍ പോഷ് നിയമം ഏകോപിപ്പിക്കുന്ന ജില്ലാ കളക്ടര്‍ക്ക് ഏഴിന് മുമ്പ് അയച്ചു നല്‍കണമെന്നുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
പോഷ് നിയമം
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ നിയമമാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 (പോഷ് നിയമം).
സ്ത്രീകള്‍ക്ക് സുരക്ഷിതവും അനുകൂലവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ സംരക്ഷണം നല്‍കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.