പ്രതിഷേധങ്ങളിൽ പകച്ച് സിപിഎം
Tuesday, December 3, 2024 1:51 AM IST
എം. പ്രേംകുമാർ
തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിലെ നിലവിലെ പ്രതിഷേധങ്ങളിൽ പകച്ച് സിപിഎം സംസ്ഥാന നേതൃത്വം. നേരത്തേ ആശയത്തിന്റെ പേരിലുള്ള വിഭാഗീയതയായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നേതാക്കൾ തമ്മിലുള്ള ചേരിതിരിവാണു സിപിഎമ്മിനു തലവേദനയായിരിക്കുന്നത്.
സാധാരണ പാർട്ടി പ്രവർത്തകരാണു നേതാക്കൾക്കായി നേരത്തേ തെരുവിലറങ്ങിയതെങ്കിൽ ഇപ്പോൾ നേതാക്കൾതന്നെ പരസ്യമായി പ്രതികരിക്കുന്ന അവസ്ഥയിലേക്കു മാറി. സമ്മേളനങ്ങളിൽ തർക്കങ്ങൾ ഉണ്ടാകുന്നതു സിപിഎമ്മിൽ പുതിയ കാര്യമല്ല. എന്നാൽ, പ്രശ്നം ഉണ്ടാകുന്പോൾ അതു പരിഹരിക്കാൻ കഴിയുന്ന ഒരു നേതൃത്വം സിപിഎമ്മിനുണ്ടായിരുന്നു.അങ്ങനെയൊരു നേതൃത്വത്തിന്റെ അപര്യാപ്തതയാണു സിപിഎം നേതാക്കൾ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയാ സമ്മേളനങ്ങൾ അവസാനിക്കുന്ന ഘട്ടത്തിലാണു സിപിഎം കടുത്ത സംഘടനാ പ്രതിസന്ധിയിൽ പെട്ടിരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തുകൊണ്ടു ചേരുന്ന ഏരിയാ സമ്മേളനങ്ങളിലെ തർക്കങ്ങൾ പൊതുജനമധ്യത്തിലെത്തി നിൽക്കുകയാണ്.
പ്രശ്നപരിഹാരത്തിനു മുന്പൊന്നും കണ്ടിട്ടില്ലാത്ത രീതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്കുതന്നെ രംഗത്തിറങ്ങേണ്ടി വരുന്നു. എം.വി.ഗോവിന്ദനല്ലാതെ മറ്റൊരു സംസ്ഥാന സെക്രട്ടറിക്കും സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിൽ ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല.
വിഎസ്-പിണറായി വിഭാഗീയത സിപിഎമ്മിൽ അതിന്റെ എല്ലാ സീമകളും ലംഘിച്ചു മുന്നോട്ടുപോയപ്പോഴും പാർട്ടിക്കു പിടിച്ചുനിൽക്കാനായി. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതി. ചുരുക്കം ചില സ്ഥലങ്ങളിൽ ലോക്കൽ സമ്മേളനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നെങ്കിലും പൊതുവെ ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങൾ ഭംഗിയായാണു പൂർത്തിയായത്.
പക്ഷേ ഏരിയാ സമ്മേളനങ്ങൾ എത്തിയതോടെ സ്ഥിതി മാറി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഏരിയാ സമ്മേളനങ്ങളിൽ വിഭാഗീയത മറനീക്കി പുറത്തുവന്നു. സംസ്ഥാന നേതാക്കളെപ്പോലും സമ്മേളനഹാളിന്റെ റൂമിൽ പ്രതിനിധികൾ പൂട്ടിയിട്ടു.
മണ്മറഞ്ഞ നേതാക്കളുടെ പേരിലുള്ള സമ്മേളനനഗറിന്റെ പുറത്തു പ്രവർത്തകർ തമ്മിൽ അസഭ്യവർഷവും സംഘട്ടനവും നടന്നു. ഇതു സിപിഎമ്മിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ്. പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കു സമ്മേളനങ്ങളിലെ വിഭാഗീയപ്രശ്നങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കേണ്ടി വരുന്നു. ഇതും സിപിഎമ്മിൽ സംഭവ്യമായിരിക്കുന്നു.
സമ്മേളന നഗറിൽനിന്നു പ്രതിഷേധിച്ചു പുറത്തിറങ്ങുന്ന ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിയെയും സംസ്ഥാന സെക്രട്ടറിയെ യും പരസ്യമായി വെല്ലുവിളിക്കുന്നു.
കൂടാതെ സേവ് സിപിഎം എന്ന പേരിൽ സമാന്തര പാർട്ടി ഓഫീസുകളും തുറക്കുന്നു. ചിലർ ബിജെപിയിലേക്കു പോകുന്നു.
ഈ പ്രതിസന്ധി പാർട്ടി അച്ചടക്ക നടപടികളിലൂടെ മാത്രം പരിഹരിക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ സിപിഎമ്മിനാകില്ല. അങ്ങനെ നടപടി സ്വീകരിച്ചാൽ അവർ ചെന്നെത്തുന്നതു ബിജെപിയിലായിരിക്കും. ഇതു മുന്നിൽക്കണ്ടാണു സിപിഎം നേതൃത്വം ഗുരുതരമായ സംഘടനാ വിഷയങ്ങളിൽ പോലും സമരസപ്പെട്ടു നിൽക്കുന്നത്.
അടുത്ത വർഷം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും 2026-ൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കാൻ പോകുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ കൂട്ട നടപടികളും വെട്ടിനിരത്തലുമൊന്നും പഴയതുപോലെ പാർട്ടിയിൽ പ്രായോഗികമല്ല. ഈ തിരിച്ചറിവാണു എം.വി.ഗോവിന്ദനെയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനെയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.
ജി. സുധാകരനെപ്പോലുള്ള നേതാക്കളെ പൂർണമായും പാർട്ടി സമ്മേളന വേദികളിൽനിന്നു മാറ്റിനിർത്തുന്നതിനെതിരേ കടുത്ത അമർഷം സിപിഎമ്മിനുള്ളിലുണ്ട്. ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ ജില്ലാ സമ്മേളനങ്ങളിലേക്കു സിപിഎം കടക്കുകയാണ്. ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയത ജില്ലാ സമ്മേളനങ്ങളിലേക്കു വ്യാപിക്കുമോയെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്.
തിരുവനന്തപുരം ജില്ലയിൽ മംഗലപുരം ഏരിയാ സമ്മേളനത്തിൽനിന്ന് മുൻ ഏരിയാ സെക്രട്ടറി ഇറങ്ങിപ്പോയതും തുടർന്നുണ്ടായ വാക്കുതർക്കങ്ങളും സിപിഎം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജില്ലാ സമ്മേളനങ്ങളിൽ ഏറെ കരുതലോടെയുള്ള നീക്കുപോക്കുകളാകും സിപിഎം നേതൃത്വം സ്വീകരിക്കുക.