ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു
സ്വന്തം ലേഖകന്‍
Monday, December 2, 2024 6:43 AM IST
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനമായ ഡിലക്സിറ്റ് നോസ്-ന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു. പട്ടം തിരുസന്നിധിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പ്രകാശനം നിര്‍വഹിച്ചത്. ‘അവിടുന്ന് നമ്മെ സ്നേഹിച്ചു’ എന്നര്‍ഥം വരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനത്തിന്റെ മലയാള പരിഭാഷയാണ് ഇന്നലെ പ്രകാശനം ചെയ്തത്.
കാര്‍മല്‍ പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ഫാ. ജയിംസ് ആലക്കുഴിയില്‍ ഒസിഡി ആണ് പരിഭാഷകന്. ഹൃദയം നഷ്ടപ്പെടുന്ന ലോകത്തിനു ഹൃദയമാകാന്‍ മനുഷ്യരെ ഉദ്ബോധിപ്പിക്കുകയാണ് ചാക്രിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധങ്ങളും സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും സാങ്കേതികവിദ്യയുടെ ഭീഷണിപ്പെടുത്തുന്ന വളര്‍ച്ചയുമെല്ലാം ഇന്നത്തെ ലോകത്തിനു ഹൃദയം നഷ്ടമാകാന്‍ കാരണമാകുന്നു.
ക്രിസ്തുവിന്റെ ദൈവികവും മാനുഷികവുമായ സ്നേഹം വീണ്ടെടുക്കുന്നതിലൂടെ ഇത് പരിഹരിക്കാന്‍ സാധിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ലേഖനത്തിലൂടെ ഓര്‍മിപ്പിക്കുന്നു. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ക്കിടയില്‍ തിരുഹൃദയ ഭക്തി പുനരുജ്ജീവിപ്പിക്കുന്നതിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നത്.
ഹൃദയമില്ലാത്തവര്ക്കു തിരുഹൃദയത്തിന്റെ സ്നേഹവും ആര്‍ദ്രതയും വെളിച്ചം പകരണം. വിശുദ്ധ ഗ്രന്ഥം, ദൈവശാസ്ത്ര പഠനങ്ങള്‍, സഭാ പാരമ്പര്യം തുടങ്ങിയ വിഷയങ്ങള്‍ വിശുദ്ധരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ വരച്ചുകാട്ടുകയാണ് മാര്‍പാപ്പ തന്റെ പുതിയ ചാക്രിക ലേഖനത്തിലൂടെ. ഈ ലോകത്തില്‍ ഹൃദയമാകാനും മറ്റുള്ളവര്‍ക്കു ഹൃദയമേകാനും ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിലൂടെ ഉദ്ബോധിപ്പിക്കുകയും നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയും ചെയ്യുന്നു.
വിശ്വാസത്തിന്റെ വെളിച്ചം (2013), അങ്ങേയ്ക്ക് സ്തുതി (2015), നാം സോദരര്‍ (2020) എന്നിവയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇതര ചാക്രിക ലേഖനങ്ങള്‍. ചടങ്ങില്‍ ഒസിഡി മലബാര്‍ പ്രോവിന്‍സ് പ്രൊവിന്‍ഷല്‍ ഫാ. പീറ്റര്‍ ചക്യത്ത് ഒസിഡി, പരിഭാഷകനും കാര്‍മല്‍ പബ്ലിഷിംഗ് ഹൗസ് ഡയറക്ടറുമായ ഫാ. ജെയിംസ് ആലക്കുഴിയില്‍ ഒസിഡി, ഫാ. തോമസ് കുരിശിങ്കല്‍ ഒസിഡി എന്നിവര്‍ പങ്കെടുത്തു.