കടന്നൽപ്പേടിയിൽ ഒരു ഗ്രാമം
1492059
Friday, January 3, 2025 1:45 AM IST
വേലൂർ: വേലൂരിൽ ഗൃഹനാഥൻ കടന്നൽക്കുത്തേറ്റു മരിച്ചതോടെ ഗ്രാമം കടന്നൽപ്പേടിയിലാണ്.
പതിനഞ്ചാം വാർഡിൽ രണ്ടു സ്ഥലത്തു കടന്നൽക്കൂട് പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിൽക്കുന്നുണ്ട്. തലക്കോട്ടുകര സ്വാന്തനം വഴിയിൽ മാവിനു മുകളിലും കുറുമാൽ പള്ളിയുടെ പിറകുഭാഗത്തു താമസിക്കുന്ന വടക്കൻ ജോസിന്റെ പറമ്പിലുമാണ് കൂടുകൾ.തലക്കോട്ടുകര സ്വാന്തനം വഴിയിലെ മാവിന്റെ ചില്ലയിൽ രണ്ടുമാസത്തോളമായി കടന്നലുകൾ കൂടുകൂട്ടിയിട്ട്. രാത്രികാലങ്ങളിൽ വീടുകളിലെ ലൈറ്റിനരികിലേക്കു വരികയും കുട്ടികളുൾപ്പെടെ പലർക്കും കുത്തേൽക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.
വാർഡ് മെമ്പറെയും പഞ്ചായത്തിലും വിവരം അറിയിച്ചതിനെതുടർന്ന് എത്രയും പെട്ടെന്നു കൂടുകൾ നീക്കംചെയ്യാനുള്ള നടപടികൾ എടുക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി അറിയിച്ചു.