അടുത്ത തൃശൂർ പൂരത്തിന്പൂരപ്പറന്പിലെ ജൈവമാലിന്യ സംസ്കരണം; വേറെ സ്ഥലം നോക്കണമെന്നു കളക്ടർ
1466225
Sunday, November 3, 2024 7:15 AM IST
തൃശൂർ: അടുത്ത തൃശൂർ പൂരത്തിനു പൂരപ്പറമ്പിലുണ്ടാകുന്ന ജൈവമാലിന്യം സംസ്കരിക്കാൻ വേറെ സ്ഥലം കണ്ടുപിടിക്കണമെന്നു തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾക്കു ജില്ലാ ഭരണകൂടത്തിന്റെ കത്ത്.
പോയവർഷം പൂരത്തിനുശേഷം വടക്കുന്നാഥക്ഷേത്രമൈതാനിയിലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ചതു കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താമം ഗ്രൗണ്ടിലായിരുന്നു. എന്നാൽ ഇത്തരത്തിൽ ജൈവമാലിന്യങ്ങൾ പള്ളിത്താമം ഗ്രൗണ്ടിൽ കുഴിച്ചുമൂടുന്നതു ഭാവിയിൽ ഇവിടെ നടത്തുന്ന വികസനപ്രവർത്തനങ്ങൾക്കു തടസമാകുമെന്നു ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിനു കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ ഒക്ടോബർ ഒമ്പതിനു നൽകിയ നിവേദനത്തിന്റെ തുടർച്ചയായാണ് തൃശൂർ ജില്ലാ കളക്ടർ ഇരുദേവസ്വങ്ങൾക്കും കത്ത് നൽകിയിരിക്കുന്നത്.
അതിനാൽ വരാൻ പോകുന്ന പൂരത്തിനു വടക്കുന്നാഥക്ഷേത്രമൈതാനിയിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നാണ് നിർദേശം. പൂരത്തോടനുബന്ധിച്ചുണ്ടാകുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾസ്വമേധയാ ഏർപ്പെടുത്തണമെന്നും കത്തിലുണ്ട്.
പൂരം നടത്തിപ്പ് ഓരോ വർഷവും പ്രശ്നങ്ങളിൽനിന്ന് പ്രശ്നങ്ങളിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കെയാണ് ഇരുദേവസ്വങ്ങൾക്കും പുതിയ ബാധ്യത അടിച്ചേല്പിച്ചുകൊണ്ട് കൊച്ചിൻ ദേവസ്വം ബോർഡ് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ബോർഡിന്റെ പുതിയ നിർദേശം വ്യാപകപ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
തേക്കിൻകാട് മൈതാനത്ത് അജൈവമാലിന്യങ്ങൾ വലിച്ചെറിയുന്നതും മദ്യപാനം അടക്കമുള്ള കാര്യങ്ങൾ നടക്കുന്നതും തടയാൻ സാധിക്കാത്ത ബോർഡ്, പൂരം നടത്തുന്ന തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾക്കുമേൽമാത്രം കുതിരകയറുന്നതു ശരിയല്ലെന്നു പൂരപ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
പൂരം എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടകവിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് കൈക്കൊണ്ട കടുംപിടിത്തം കോടതികയറിയിരുന്നു. ഒടുവിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് ഒത്തുതീർപ്പിൽ എത്തിച്ചത്.
സ്വന്തം ലേഖകൻ