വികസന സദസും അയ്യപ്പ സംഗമവും സര്‍ക്കാരിന്റെ ധൂര്‍ത്ത്: വി.ഡി. സതീശന്
1591017
Friday, September 12, 2025 4:46 AM IST
കൊച്ചി: നവകേരള സദസ് പോലെയുള്ള സര്‍ക്കാരിന്റെ ധൂര്‍ത്താണ് വികസന സദസും അയ്യപ്പ സംഗമവുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. മിഷന് 25 ന്റെ ഭാഗമായി നടന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസന പ്രവര്‍ത്തനകള്‍ക്ക് പണം ചെലവഴിക്കാതെ ധൂര്‍ത്തിനാണ് സര്‍ക്കാരിന് താല്പര്യം. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് പോലും വെട്ടിക്കുറച്ചശേഷം കോടികള്‍ ചെലവഴിച്ച് മുഖം മിനുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ നടപടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കൂട്ടായി എടുത്ത തീരുമാനമാണ്.
പാര്‍ട്ടിക്ക് ഒരു സംഭാവനയും നല്‍കാത്ത ചിലര്‍ വിദേശ രാജ്യങ്ങളിലിരുന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടതില്ല. സിപിഎം സ്പോണ്സര് ചെയ്യുന്നവരും ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ ലേബലില്‍ ഇത്തരം പ്രചാരണം നടത്തുന്നവര്‍ അതവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതടക്കം പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വികസന പത്രിക പുറത്തിറക്കും
ആമ്പല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി പുറത്തിറക്കിയ വികസന പത്രിക യോഗത്തില്‍ പ്രകാശനം ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വികസന പത്രിക പുറത്തിറക്കും. അടുത്ത മാസം ആദ്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ മുഖം തുറന്ന് കാട്ടി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തും. ഗൃഹ സമ്പര്‍ക്ക പരിപാടിയും ഫണ്ട് ശേഖരണവും ഈ മാസം 20 വരെ നീട്ടാനും യോഗം തീരുമാനിച്ചു.
ഡി സിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, എംല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, കെപിസിസി വൈസ് പ്രസിഡന്റ് സജീന്ദ്രന്, ജനറല്‍ സെക്രട്ടറി മാരായ അബ്ദുള്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, ജോസഫ് വാഴയ്ക്കന്, അജയ് തറയില്‍, എന്‍. വേണുഗോപാല്‍, ജെയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.