മണപ്പുറത്ത് മണൽ മാഫിയ വിളയാട്ടം; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്ന് കേസ്
1590813
Thursday, September 11, 2025 7:14 AM IST
ആലുവ: മണൽ മാഫിയ മർദിച്ചെന്നാരോപിച്ച് പരാതി നൽകിയ കേസിലെ വാദികൾക്കെതിരേ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പേരിൽ ആലുവ പോലീസ് കേസെടുത്തു. ആലുവ ഉളിയന്നൂർ ചിതകുടത്ത് വീട്ടിൽ കബീർ, തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ കയനാട്ട് വീട്ടിൽ ആന്റണി മാർട്ടിൻ, മണപ്പുറം റോഡിൽ താമസിക്കുന്ന അമൽകൃഷ്ണ, വിമൽ, രാഹുൽ എന്നിവർക്കെതിരെയാണ് ആലുവ കോടതിയുടെ നിർദേശപ്രകാരം കേസെടുത്തത്.
മാർച്ച് 19ന് പുലർച്ചെ രണ്ടോടെ തോട്ടക്കാട്ടുകര മണപ്പുറം ഭാഗത്തുവച്ച് ഭീഷണിപ്പെടുത്തി ഗൂഗിൾപേ വഴി 10,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഉളിയന്നൂർ പനിച്ചിക്കുഴി പി.എം. ഷാജഹാൻ, സഹോദരൻ നിഷാദ് എന്നിവരുടെ പരാതിയിലാണ് കേസ്. മണൽലോറി തടഞ്ഞുനിർത്തി പോലീസിനെ അറിയിച്ചെന്നാരോപിച്ച് ആന്റണി മാർട്ടിനെ മണലൂറ്റുകാർ ആക്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പി.എം. ഷാജഹാനും സഹോദരൻ നിഷാദും പോലീസ് പിടിയിലായിരുന്നു. ആലുവ മണപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന മണലൂറ്റുകാരും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള അവിഹിത സാമ്പത്തിക ഇടപാടുകളുടെ തുടർച്ചയായിട്ടായിരുന്നു മർദ്ദനം.
തൊട്ടടുത്ത ദിവസം ഇതേ അക്രമിസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടാൻ ശ്രമിച്ചു. ജൂൺ 11ന് മാർക്കറ്റ് ഭാഗത്തുവച്ച് മാരകായുധങ്ങളുമായി ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ അനധികൃത മണലൂറ്റുകാരെ പിടികൂടിയിരുന്നവരാണ് പിന്നീട് ഇടനിലക്കാരായി നിന്ന് പണം തട്ടിയത്. പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എഫ്ഐആറിൽ മണൽ ഇടപാടുമായി ബന്ധപ്പെട്ട സംഘർഷമാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.