അയ്യൻകുഴി നിവാസികളുടെ സ്ഥലം ഏറ്റെടുക്കൽ: മൂന്ന് മാസത്തിനുള്ളിൽ തീരുമാനം
1591000
Friday, September 12, 2025 4:35 AM IST
ചോറ്റാനിക്കര: അയ്യൻകുഴി നിവാസികളുടെ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം. വായു മലിനീകരണത്തെ തുടർന്ന് അമ്പലമുകളിലെ അയ്യൻകുഴിയിൽ നിന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കരയിലെ ഇന്ദ്രപ്രസ്ഥം ഹോട്ടലിലേയ്ക്ക് മാറ്റി പാർപ്പിച്ച പ്രദേശവാസികളെ ഹോട്ടലുടമ കഴിഞ്ഞ ദിവസം ഇറക്കിവിടാൻ ശ്രമിച്ചിരുന്നു.
ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോൾ ഇന്നലെ ഉച്ചയ്ക്ക് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് അയ്യൻകുഴി നിവാസികൾക്ക് അനുകൂലമായ തീരുമാനമുണ്ടായത്. അമ്പലമുകളിൽ ബിപിസിഎൽ കമ്പനിയുടെ മതിൽക്കെട്ടിനോട് ചേർന്ന് 44 ഓളം കുടുംബങ്ങൾ താമസിക്കുന്ന അയ്യൻകുഴി പ്രദേശം കമ്പനി ഏറ്റെടുക്കുന്ന കാര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമാകണമെന്നും അതുവരെ വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നതിനും ചിലവിനുമായി 50,000 രൂപ വീതം ഓരോ കുടുംബത്തിനും നൽകണമെന്നുമാണ് ചർച്ചയിൽ ധാരണയായിരിക്കുന്നത്.
ഇതിൻപ്രകാരം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറികളിൽ നിന്നും എത്രയും വേഗം എല്ലാ താമസക്കാരും ഒഴിയാനും തീരുമാനമായി. ചർച്ചയിൽ പി.വി.ശ്രീനിജൻ എംഎൽഎ, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ജനകീയ സമിതി പ്രവർത്തകരായ കെ.കെ. ബാബു, വി.ആർ. രാധാകൃഷ്ണൻ, പി.എൻ. സജി തുടങ്ങിയവർ പങ്കെടുത്തു.
ബുധനാഴ്ച്ച ഉച്ചയോടെയാണ് താമസക്കാർ ജോലിക്കും മറ്റുമായി പുറത്തുപോയ സമയത്ത് ഹോട്ടലുടമയുടെ നേതൃത്വത്തിൽ മുറികൾ വേറെ താഴിട്ട് പൂട്ടിയത്. ഇതോടെ പ്രതിഷേധിച്ച താമസക്കാർ ഹോട്ടലിന് മുന്നിൽ കൂട്ടം കൂടുകയും ചർച്ചയ്ക്കെത്തിയ സബ് കളക്ടറെ രാത്രി തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു.