ആഡംബര വാഹനത്തിൽ കഞ്ചാവ് കടത്ത്; എട്ടു കിലോ പിടികൂടി
1590814
Thursday, September 11, 2025 7:14 AM IST
പെരുമ്പാവൂർ: ആഡംബര വാഹനത്തിൽ കഞ്ചാവ് കടത്ത്. എട്ട് കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് മധുബോണ സ്വദേശി മണിറുൽ മണ്ഡൽ (27), സോൺജൂർ മണ്ഡൽ (25) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പോലീസും ചേർന്ന് പിടികൂടിയത്.
ബുധനാഴ്ച പുലർച്ചെ കൂവപ്പടി പാപ്പൻപടി ഭാഗത്തുവച്ച് കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടെ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് ടാറ്റ ഹാരിയർ കാറിലാണ് ഇവർ കഞ്ചാവുമായി എത്തിയത്. പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള കാറിന്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റി കേരള രജിസ്ട്രേഷനിലുള്ള കാറിന്റെ നമ്പർ ഘടിപ്പിച്ച് കഞ്ചാവ് കടത്തുകയായിരുന്നു.രഹസ്യവിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഒഡീഷയിൽ നിന്ന് കിലേയ്ക്ക് 2000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപ മുതൽ 30,000 വരെ നിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു.. കഞ്ചാവ് വില്പന കഴിഞ്ഞ് അന്ന് തന്നെ നാട്ടിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. കഴിഞ്ഞയാഴ്ച കാറിൽ കടത്തിയ 90 കിലോ കഞ്ചാവ് തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.