ജൽജീവൻ പദ്ധതി : കുടിവെള്ള ടാങ്ക് മണ്ഡലം മലയിൽനിന്നും മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി
1590799
Thursday, September 11, 2025 7:11 AM IST
തിരുമാറാടി: ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നാൽപ്പത്തിനാല് കോടി രൂപ മുതൽ മുടക്കിൽ തിരുമാറാടി പഞ്ചായത്തിലെ മണ്ഡലം മലയിൽ സ്ഥാപിക്കാനിരുന്ന കുടിവെള്ള ടാങ്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. സമഗ്ര തിരുമാറാടി കുടിവെള്ള വിതരണ പദ്ധതി ടാങ്ക് സ്ഥാപിക്കുന്നതിനെതിരേ തേവർമടം ഗ്രാനൈറ്റ്സ് ഉടമയുടെ സഹോദരൻ ബോബി എബ്രഹാം നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ ജൽജീവൻ മിഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാം.
ജലസംഭരണി സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലിയായിരുന്നു പ്രധാന തർക്കം. പദ്ധതിക്കായി മണ്ഡലം മലയിൽ സ്ഥലം ഏറ്റെടുത്ത് ജലസംഭരണി നിർമിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. മണ്ണത്തൂർ അരിയിത്തടം മലയിൽ സൗജന്യമായി സ്ഥലം ലഭിക്കുമെന്നും, അത് സർക്കാരിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ മണ്ഡലം മലയിൽ ടാങ്ക് നിർമിച്ച് കുടിവെളള വിതരണം ചെയ്യുക എന്ന പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിലോമീറ്ററുകൾ ദൂരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചതിന് ശേഷം ടാങ്ക് സ്ഥലം മാറ്റണമെന്ന വാദഗതിക്ക് പിന്നിൽ പദ്ധതി വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് 14-ാമത്തെ കക്ഷിയായ മണ്ഡലം മല സംരക്ഷണ സമിതി ചെയർമാൻ അജി എബ്രഹാം മഞ്ഞക്കടമ്പിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. മണ്ഡലം മലയിലെ സ്ഥലം ശാസ്ത്രീയവും സാങ്കേതികവുമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്നും, അരിയിത്തടം മലയിലേക്ക് പദ്ധതി മാറ്റുന്നത് നിലവിൽ സ്ഥാപിച്ച പൈപ്പ് ലൈനുകൾ പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നതിന് കാരണമാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി.
വാദങ്ങൾ പരിഗണിച്ച കോടതി, സാങ്കേതിക വിഷയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി. സാങ്കേതിക വിദഗ്ധർ തയാറാക്കിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ സ്ഥലം നിശ്ചയിച്ചതെന്നും, ഇതിൽ ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും കോടതി അറിയിച്ചു. ഇതോടെ ഹർജി തള്ളിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയായിരുന്നു. ടാങ്കിനായി ഭൂമിയേറ്റെടുക്കാനുള്ള നടപടിയിൽ കാലതാമസം ആരോപിച്ചു കളക്ടർക്കെതിരേയുള്ള കോടതിയലക്ഷ്യ കേസ് മറ്റെന്നാൾ പരിഗണിക്കാനിരിക്കെ വന്ന വിധി സ്വാഗതർഹമാണെന്ന് മണ്ഡലം മല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.