ഒഴുക്കിൽപ്പെട്ട പത്ത് വയസുകാരനെ രക്ഷിച്ച വിദ്യാർഥിക്ക് ആദരം
1590795
Thursday, September 11, 2025 7:11 AM IST
മൂവാറ്റുപുഴ: കുടമുണ്ട പുഴയില്‍ കണ്ണാടിക്കോട് തടയിണക്കു സമീപം ഒഴുക്കില്‍പെട്ട പത്തുവയസുകാരനെ രക്ഷപെടുത്തിയ വിദ്യാർഥിയെ ആദരിച്ചു.
പത്തു വയസുകാരനായ അദ്വൈതിനെ സാഹസികമായി രക്ഷപെടുത്തിയ കവളങ്ങാട് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫയാസിനെയാണ് സ്കൂള്‍ മാനേജ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചത്.
സ്കൂളിന് അഭിമാനവും, നാടിന് മാതൃകയുമായ മുഹമ്മദ് ഫയാസിന് കവളങ്ങാട് സെന്റ് ജോണ്‍സ് യാക്കോബായ പള്ളി വികാരി ഫാ. ബേബി മംഗലത്ത് മൊമന്റോയും, മാനേജര്‍ കാഷ്
അവാഡും നല്കി. മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ജോര്‍ജ് എടപ്പാറയും, ബിനോയി പോളും ചേര്‍ന്ന് പൊന്നാട അണിയിച്ചു.
ചടങ്ങില്‍ പ്രധാനാധ്യാപിക സോജി ഫിലിപ്പ്, പ്രിന്‍സിപ്പല്‍ സുമി ജോസഫ്, പിടിഎ പ്രസിഡന്റ് സുഭാഷ്, പള്ളി ട്രസ്റ്റി ടി.കെ. എല്‍ദോസ്, അധ്യാപകരായ മുഹമ്മദ് ഷിയാസ്, പി.കെ. ഷൈനി എന്നിവര്‍ പ്രസംഗിച്ചു.