ആലുവയിൽ തുണിക്കട കത്തിനശിച്ചു
1591014
Friday, September 12, 2025 4:46 AM IST
20 ലക്ഷത്തിന്റെ നഷ്ടം
ആലുവ: ആലുവ ബാങ്ക് കവലയിലെ പഴയ ഓടിട്ട കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന തുണിക്കടയ്ക്ക് തീപിടിച്ചു. അഗ്നിശമന സേന മൂന്നുവട്ടം എത്തിയാണ് തീ അണച്ചത്. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇന്നലെ രാവിലെ 11.30 ഓടെയാണ് തിരക്കേറിയ ബാങ്ക് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് മുന്നിലുള്ള കെട്ടിടത്തിൽ കട കാലിയാക്കൽ വില്പന എന്ന ബോർഡ് വച്ച് വിൽപ്പന നടത്തിയിരുന്ന തുണിക്കടയുടെ പിൻഭാഗത്ത്നിന്ന് തീയും പുകയും ഉയർന്നത്. മൂന്ന് ഷട്ടറുകളുള്ള കടയുടെ പിന്നിൽ ജനലുകൾ ഇല്ലാത്തതിനാൽ പുക കാരണം തീ കണ്ടെത്താൻ ആദ്യം ഫയർഫോഴ്സ് സംഘത്തിന് കഴിഞ്ഞില്ല.
മുൻവശത്തെ ചില്ലുകൾ ആയുധങ്ങൾ കൊണ്ട് പൊട്ടിച്ചും പിൻവശത്തെ മതിൽ തകർത്തുമാണ് തീപിടിച്ച ഭാഗം കണ്ടെത്തിയത്. താഴത്തെ നിലയുടെ മേൽക്കൂര മരത്തിൽ നിർമിച്ചതായതിനാൽ അപകട സാധ്യത വർധിപ്പിച്ചു. കുറച്ച് തുണി മാത്രമാണ് തീപിടിക്കാതെ ലഭിച്ചത്.
ആലുവയ്ക്ക് പുറമെ അങ്കമാലി, ഏലൂർ, പെരുമ്പാവൂർ ഫയർഫോഴ്സ യൂണിറ്റുകളും തീയണയ്ക്കാൻ എത്തി. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടോടെ തീയണച്ച് അഗ്നിശമന സേന മടങ്ങിയെങ്കിലും അര മണിക്കൂറിന് ശേഷം തീ പടർന്നതോടെ വീണ്ടും എത്തി. വൈകിട്ട് ആറോടെ വീണ്ടും തീ പുകയുന്നതായി അറിയിച്ചതിനാൽ മൂന്നാമതും അഗ്നിശമന സേന എത്തിയാണ് പൂർണമായും കെടുത്തിയത്.
വാരിയത്ത് പുത്തൻമഠം വിശ്വനാഥൻ സ്വാമിയാണ് കെട്ടിട ഉടമ. കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ശ്രീമൂലനഗരം തറയിൽ നിഷാ റഫീക്കിന്റെ സ്ഥാപനത്തിലാണ് തീപിടിച്ചത്. ഈ രണ്ടുനില കെട്ടിടത്തിൽ ഹാൻവീവ് അടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പിന്നിലാണ് ഉടമയുടെ വീട്.