ആളുമാറി പോലീസ് ആക്രമണം; റിപ്പോര്‍ട്ട് ഇന്നും സമര്‍പ്പിക്കില്ല
1590791
Thursday, September 11, 2025 7:11 AM IST
മൂവാറ്റുപുഴ: ബാറ്ററി മോഷണക്കേസില്‍ ആളുമാറി യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച കേസില്‍ ജില്ലാ പോലീസ് മേധാവിക്ക് മൂവാറ്റുപുഴ പോലീസ് റിപ്പോര്‍ട്ട് ഇന്നും സമര്‍പ്പിക്കില്ല. ഒരാളുടെ കൂടെ മൊഴി രേഖപ്പെടുത്തേണ്ടതിനാലാണ് റിപ്പോർട്ട് ഇന്ന് സമര്‍പ്പിക്കാത്തതെന്നാണ് വിശദീകരണം.ശനിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
കഴിഞ്ഞ 12 നാണ് പെരുമ്പല്ലൂര്‍ മടത്തിക്കുടിയില്‍ ആന്റണിയുടെ മകന് അമല്‍ (35)ആണ് പോലീസ് മര്‍ദനത്തിന് ഇരയായത്. വീട്ടില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അമലിനെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂര മര്‍ദനത്തിനിരയാക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ അമല്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവം നടന്ന് ഒരു മാസം ആകുമ്പോള്‍ പോലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
ഇലക്ട്രിക്കല്‍ ജോലി ചെയ്ത് കുടുംബം നോക്കിയിരുന്ന അമലിന്റെ കഴുത്തിനും നട്ടെല്ലിനുമാണ് മൂവാറ്റുപുഴ പോലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റത്. മാതാവിന്റെയും ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍ വച്ചായിരുന്നു ക്രൂരമര്‍ദനം. ആക്രികടയില്‍ ബാറ്ററി വിറ്റിരുന്നോ എന്ന് ചോദിച്ചെത്തിയ പോലീസിനോട് തന്റെ വീട്ടിലെ പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഇന്വെര്ട്ടിന്റെ ബാറ്ററി തകറാറിലായതിനെ തുടര്‍ന്ന് ആക്രികടയില്‍ വിറ്റിരുന്നതായി മറുപടി നല്കി. ഉടന്‍ പോലീസ് ഉദ്യോഗസ്ഥന് അമലിനെ വലിച്ചിറക്കി വീട്ടു മുറ്റത്തിട്ട് മര്‍ദിക്കുകയായിരുന്നു. പിന്നീട് ബലമായി ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതിനിടയും മര്‍ദനം തുടര്‍ന്നു.
മൂവാറ്റുപുഴ പി.ഒ ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും ബാറ്ററി മോഷണം പോയി എന്ന പരാതിയുടെ അന്വേഷണാടിസ്ഥാനത്തിലാണ് ആറംഗ പോലീസ് സംഘമെത്തിയത്. പോലീസ് സ്റ്റേഷനില്‍ പരാതിക്കാരും എത്തി ബാറ്ററിയുടെ ബില്ല് നല്‍കിയപ്പോഴാണ് മോഷണം പോയ ബാറ്ററി അല്ലെന്ന് പോലീസിന് മനസിലായത്. ഇതോടെ നിരപരാധിയാണെന്നുകണ്ട് അമലിനെ അനുനയിപ്പിച്ച് വിട്ടയയ്ക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ശരീരവേദനയും ക്ഷീണവും മാറാതെ വന്നതോടെ അമല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം വിവാദമായതോടെ അന്വേഷണം ഊര്‍ജിതമാക്കിയെന്ന പോലീസിന്റെ പതിവ് പല്ലവിയല്ലാതെ കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അമല്‍ പറയുന്നത്.