അയ്യൻകുഴി നിവാസികളെ ഹോട്ടലിൽനിന്ന് ഇറക്കിവിടാൻ ശ്രമം; പ്രതിഷേധം
1590804
Thursday, September 11, 2025 7:11 AM IST
ചോറ്റാനിക്കര: വായു മലിനീകരണത്തെ തുടർന്ന് അമ്പലമുകളിലെ അയ്യൻകുഴിയിൽ നിന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കരയിലെ ഹോട്ടലിലേയ്ക്ക് മാറ്റി പാർപ്പിച്ച അയ്യൻകുഴി നിവാസികളെ ഹോട്ടലിൽ നിന്നും ഉടമ ഇറക്കി വിടാൻ ശ്രമിച്ചതായി പരാതി.
ഇതേ തുടർന്ന് കുടുംബങ്ങളെ താമസിപ്പിച്ചിരുന്ന ചോറ്റാനിക്കരയിലെ ഇന്ദ്രപ്രസ്ഥം ഹോട്ടലിന് മുന്നിൽ അയ്യൻകുഴി നിവാസികൾ പ്രതിഷേധവുമായി ഒത്തു കൂടി. ഇന്നലെ ഉച്ചയോടെയാണ് താമസക്കാർ ജോലിക്കും മറ്റുമായി പുറത്തുപോയ സമയത്ത് ഹോട്ടലുടമയുടെ നേതൃത്വത്തിൽ വേറെ താഴിട്ട് മുറികൾ പൂട്ടിയതെന്ന് പറയുന്നു.
ഇതോടെ ഇവിടെയുണ്ടായിരുന്നവർ ശുചിമുറി സൗകര്യം പോലും ലഭ്യമാകാതെ ബുദ്ധിമുട്ടിലായി. പ്രതിസന്ധി തുടർന്നതോടെ രാത്രിയോടെ സബ് കളക്ടർ ശ്യാം കൃഷ്ണയുടെ നേതൃത്വത്തിൽ താമസക്കാരുമായും മറ്റും ചർച്ചകൾ നടത്തിയെങ്കിലും ധാരണയായില്ല. ഇവിടെ താമസിച്ചിരുന്നവരോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേയ്ക്കോ ചെല്ലാനത്തെസർക്കാർ ക്യാമ്പിലേയ്ക്കോ മാറുവാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും താമസക്കാർ വഴങ്ങിയിട്ടില്ല. സ്വന്തം വീട്ടിൽ താമസിച്ചിരുന്ന തങ്ങളെ മറ്റിടങ്ങളിലേയ്ക്ക് മാറ്റുന്നതിനോട് യോജിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ കമ്പനി അധികൃതരിൽ നിന്ന് അനുകൂലമായ നടപടികൾ വേണമെന്നുമാണ് താമസക്കാർ ആവശ്യപ്പെടുന്നത്.
ഇതിന് മുൻപ് ഓണക്കാലത്തും താമസക്കാരെ ഇറക്കിവിടാൻ ശ്രമം നടന്നിരുന്നു. അതിനെതിരെ അയ്യൻകുഴി ജനകീയ സമിതിയുടെ നേതൃത്വത്തിൽ തിരുവോണ ദിനത്തിൽ ഉപവാസ സമരവും സംഘടിപ്പിച്ചിരുന്നു. മുറി വാടകയും ഭക്ഷണ കാര്യങ്ങളും നോക്കിക്കൊള്ളാമെന്ന ഉറപ്പിലാണ് ഇവരെ ചോറ്റാനിക്കരയിലേയ്ക്ക് മാറ്റിയതെന്ന് പറഞ്ഞിരുന്നെങ്കിലും ഓണക്കാലം മുതൽ ഇവർക്ക് ഭക്ഷണവും നൽകാറില്ലായിരുന്നുവെന്ന് പറയുന്നു. പ്രശ്ന പരിഹാരമാവാത്തതിനെ തുടർന്ന് അയ്യൻകുഴി നിവാസികൾ സബ്കളക്ടറെ രാത്രി തടഞ്ഞുവച്ചു.