സ്കൂൾ വളപ്പിൽനിന്ന് തെരുവുനായ്ക്കളെ പിടികൂടി
1590997
Friday, September 12, 2025 4:22 AM IST
തൃപ്പൂണിത്തുറയിൽ സ്കൂളിന് അവധി നല്കി
തൃപ്പൂണിത്തുറ: സ്കൂൾ വളപ്പിൽ തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണവും വർധിച്ചതോടെ തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ അഞ്ച് നായകളെ പിടികൂടി. തൃപ്പൂണിത്തുറ ഗവ. ഗേൾസ് സ്കൂളിന് അവധി നല്കിയ ശേഷമാണ് നഗരസഭയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കളെ പിടികൂടിയത്. ഈ നായ്ക്കൾക്ക് വാക്സിനേഷൻ നൽകി മൃഗാശുപത്രിയിലുള്ള ഷെൽട്ടറിലേയ്ക്ക് മാറ്റി.
പിടികൂടുന്നതിനിടെ സ്കൂൾ വളപ്പിൽനിന്ന് ഓടിപ്പോയ നായ്ക്കളെ രാത്രിയും പകലുമായി രണ്ട് ദിവസത്തിനകം പിടികൂടാനാണ് തീരുമാനം. വിദ്യാലയ പരിസരം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് സുരക്ഷിതമാക്കുന്നതിനായി വരുംദിവസങ്ങളിൽ ഗവ. ബോയ്സ് സ്കൂൾ, ഗവ. സംസ്കൃത സ്കൂൾ എന്നിവിടങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെയും പിടികൂടും.
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലാലി, നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ യു.കെ. പീതാംബരൻ, കൗൺസിലർ കെ.ടി. അഖിൽ ദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് നായകളെ പിടികൂടി മൃഗാശുപത്രിയിലേക്ക് മാറ്റിയത്.