സ്ഥലമെടുപ്പിൽ സർക്കാരിന് അനുകൂല വിധി; അവസാന കടമ്പ കടന്ന് അഴീക്കോട് - മുനമ്പം പാലം
1590801
Thursday, September 11, 2025 7:11 AM IST
വൈപ്പിൻ : മുനമ്പം -അഴീക്കോട് പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മുനമ്പം ഭാഗത്ത് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജിയിൽ സർക്കാരിനു അനുകൂലമായ വിധി വന്നതായി കൈപ്പമംഗലം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ അറിയിച്ചു. ഇതോടെ പാലം പൂർത്തീകരിക്കാനുള്ള അവസാന കടമ്പയും പിന്നിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ അഴീക്കോട് ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തീകരിച്ചു കഴിഞ്ഞു. ഇവിടെ കായലിലെ ഫൗണ്ടേഷൻ വർക്കുകൾ പൂർത്തിയാക്കിയതോടെ സബ്സ്ക്രൈബ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ് .മുനമ്പം ഭാഗത്തെഫൗണ്ടേഷൻ വർക്കുകളും ധൃതഗതിയിൽ നടന്നുവരുന്നുണ്ട്.
സൂപ്പർ സ്ട്രാക്ടർ സെഗ്മെന്റൽ ഓട്ടോ ലോഞ്ചിംഗ് സിസ്റ്റത്തിലൂടെയാണ് നിർമാണം നടക്കുന്നത് . 52.65 മീറ്റർ നീളമുള്ള മെയിൻ സ്ലാബിന് 18 സെഗ്മെന്റുകൾ ആക്കി നിർമിച്ച ശേഷം ഇത് കൊണ്ടുവന്ന് ആധുനിക യന്ത്ര സംവിധാനത്തോടെ ഘടിപ്പിക്കുന്നതാണ് ഈ നൂതന രീതി.
സംസ്ഥാനത്ത് ആദ്യമായാണ് സെഗ്മെന്റിൽ ഓട്ടോ ലോഞ്ചിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഇതിലൂടെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കുവാനും കായലിൽ കോൺക്രീറ്റ് മിശ്രിതം വീണ് ഉണ്ടാകാൻ സാധ്യതയുള്ള മലിനീകരണം തടയുവാനും, നിർമാണവേളയിൽ മത്സ്യബന്ധന യാനങ്ങൾക്ക് തടസമില്ലാതെ യാത്ര ചെയ്യാനും കഴിയുമെന്ന് എംഎൽഎ വ്യക്തമാക്കി.