മദ്യപിച്ച് പിരിവിനിറങ്ങിയ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ
1591012
Friday, September 12, 2025 4:46 AM IST
വഴിയോര മത്സ്യവ്യാപാര ദമ്പതികളോട് 3,000 രൂപ ആവശ്യപ്പെട്ടതായി പരാതി
കാക്കനാട്: മദ്യപിച്ച് ലക്കുകെട്ട്, യൂണിഫോമില്ലാതെ വാഹനപരിശോധനയ്ക്കെത്തിയ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ആര്‍ടി ഓഫിസിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.എസ്.ബിനുവാണ് പിടിയിലായത്. തോപ്പില്‍ ജംഗ്ഷന് സമീപം ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
വഴിയരികില്‍ സ്വന്തം വാഹനത്തില്‍ മല്‍സ്യ കച്ചവടം നടത്തിക്കൊണ്ടിരുന്ന ദമ്പതികളെ സമീപിച്ച് താന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണെന്നും അനധികൃതമായി വാഹനത്തിൽ കച്ചവടം നടത്തുന്നതായി പരാതി ലഭിച്ചതിനാൽ 3000 രൂപ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് വാഹനം പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നാട്ടുകാർ തടിച്ചുകൂടുകയും തൃക്കാക്കര പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു . തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ചതിനടക്കം എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മൽസ്യക്കച്ചവടം നടത്തിയ യുവതിയും കുടുംബവും തങ്ങളോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ തൃക്കാക്കര സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. അതേസമയം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ അറിവോടെയല്ലാതെ മദ്യപിച്ച് വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു