കച്ചേരിത്താഴം ഗര്‍ത്തം മൂടുന്നതിനുള്ള അന്തിമ അനുമതി നല്കി കിഫ്ബി
1590980
Friday, September 12, 2025 4:09 AM IST
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് രൂപപ്പെട്ട ഗര്‍ത്തം മൂടുന്നതിന് തീരുമാനമായി. വിദഗ്ധ പരിശോധനകള്‍ക്കും അന്തിമ റിപ്പോര്‍ട്ടിനും ശേഷം ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബിയുടെ ഉന്നത അധികാരയോഗത്തിലാണ് തീരുമാനമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. ഗര്‍ത്തം മൂടുന്നതിനു മുന്‍പായി ഗര്‍ത്തം ഉണ്ടാകുന്നതിന് കാരണമായി കണ്ടെത്തിയ ബലക്ഷയം സംഭവിച്ച കല്ക്കെട്ടുകൊണ്ടുള്ള പഴയ ഓവുചാൽ പൂര്‍ണമായും മൂടാനും തീരുമാനമായി.
എന്‍സിഇഎസ്എസ് സംഘത്തിന്റെ പരിശോധനയില്‍ ഈ ഭാഗത്ത് രണ്ട് ഓവുചാലുകളാണുള്ളതെന്നു കണ്ടെത്തിയിരുന്നു. നിലവിലെ റോഡ് നിരപ്പില്‍നിന്നും ഒന്നര മീറ്റര്‍ താഴ്ചയില്‍ ആരംഭിച്ചു പുഴയിലേക്ക് എത്തുമ്പോള്‍ ഏഴു മീറ്റര്‍ താഴ്ചയിലേക്ക്പതിക്കുന്നതാണ് ഈ രണ്ട് ഓവുചാലുകളും. പ്രഷര്‍ സിമന്റ് ഗ്രൗട്ട് ഉപയോഗിച്ചാണ് ഈ രണ്ട് ഓവുചാലുകളും അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പഴയ ഓവുചാലുകൾ ഒഴിവാക്കുന്നതിനാല്‍ റോഡിന്റെ ഇരുവശത്തും പുതിയതായി നിര്‍മിച്ചിരിക്കുന്ന പ്രീ കാസ്റ്റ് ഡക്റ്റ് വഴിയുള്ള ഓടയുടെ തുടര്‍ച്ചയായി പുഴയിലേക്ക് പുതിയ ഓവുചാലുകളുടെ നിര്‍മാണവും ആരംഭിച്ചു. കച്ചേരിത്താഴത്ത് ഇന്ത്യന്‍ ബേക്കറിയുടെ മുന്‍വശത്തുള്ള ഓടയിലെ ജലം നഗരസഭയുടെ സ്ഥലത്തിലൂടെ പുഴയിലേക്ക് തിരിച്ചുവിടാനും, മറുഭാഗത്ത് രാജേശ്വരി ഹോട്ടലിന്റെ മുന്‍വശം വരെ എത്തിയിരിക്കുന്ന പുതിയ പ്രീ കാസ്റ്റ് ഡക്റ്റ് വഴിയുള്ള ഓടയുടെ തുടര്‍ച്ചയായി ഹ്യും പൈപ്പ് ഉപയോഗിച്ച് പുതിയ ഓവുചാൽ നിര്‍മിച്ചും പുഴയിലേക്ക് ബന്ധിപ്പിക്കും.
തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബിയുടെ ഉന്നതാധികാര യോഗത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ, കിഫ്ബി ജനറല്‍ മാനേജര്‍ പി.എ. ഷൈല, കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പുരുഷോത്തമന്, കിഫ്ബി പ്രോജക്ട് മാനേജര്‍ രാജീവന്, കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.