കണിയാമ്പുഴ റോഡിൽദുരിതയാത്ര
1590787
Thursday, September 11, 2025 7:11 AM IST
തൃപ്പൂണിത്തുറ: കണിയാമ്പുഴ റോഡിലൂടെയുള്ള യാത്ര യാത്രക്കാർക്ക് ദുരിതമാകുന്നു. എരൂർ മാത്തൂർ മേൽപ്പാലത്തിന് താഴെ നിന്നും വൈറ്റില ഹബ്ബിലേയ്ക്കുള്ള റോഡിൽ മാത്തൂർ അമ്പലത്തിന് ശേഷം പിഷാരികോവിൽ റോഡ് തുടങ്ങുന്നത് വരെയുള്ള ഭാഗമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് തകർന്ന് യാത്ര ദുഷ്ക്കരമായിരിക്കുന്നത്.
ആകെ തകർന്നു കിടക്കുന്ന ഇടുങ്ങിയ റോഡിൽ, ഇടക്കിടയ്ക്കായി കിടങ്ങിന് സമാനമായി നീളത്തിലുള്ള കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികൾ, വീതികുറഞ്ഞ റോഡിന്റെ അരിക് ഭാഗങ്ങളിലായതിനാൽ കുഴികളിൽ വീഴാതെ വാഹനങ്ങൾക്ക് മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണ്.
മഴ പെയ്ത സമയമാണെങ്കിൽ കുഴികൾ നിറഞ്ഞ് കവിഞ്ഞ് വെള്ളം റോഡിൽ പരക്കുന്നത് കാരണം കുഴികളുടെ വലിപ്പമറിയാതെ വരുന്നതിനാൽ വാഹന ഡ്രൈവർമാർ ഈ ഭാഗം കടന്നുപോകാൻ പെടാപ്പാട് പെടുന്നു. കൂടാതെ താഴ്ന്ന റോഡിലുള്ള നീരൊഴുക്കും,
ഇരുവശത്ത് നിന്നുമായി പരസ്പരം ബന്ധിപ്പിക്കപ്പെടാതെ കിടക്കുന്ന കാനകൾ നിറഞ്ഞ് കവിഞ്ഞ് റോഡിലൂടെ പരന്നൊഴുകുന്ന വെള്ളവും ഈ ഭാഗത്ത് തടാക പ്രതീതിയും സൃഷ്ടിക്കുകയാണ്. കാക്കനാട്, വെണ്ണല ഭാഗങ്ങളിൽ നിന്നും തൃപ്പൂണിത്തുറയുടെ കിഴക്കൻ മേഖലയിൽ നിന്നുമുള്ള വാഹനങ്ങൾ വൈറ്റിലയിലേയ്ക്കെത്താനും തിരിച്ചും ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നത് ഈ റോഡാണ്. വീതികുറഞ്ഞ റോഡിൽ ഇരുദിശകളിൽ നിന്നും വലിയ വാഹനങ്ങൾ വന്നാൽ ഗതാഗതം തടസപ്പെടുന്ന സാഹചര്യമാണ്. പരസ്പരം കടന്നുപോകാനാകാതെ കിടക്കുന്ന വാഹനങ്ങൾക്ക് പിന്നിൽ ഈസമയത്തിനുള്ളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിട്ടുണ്ടാകും.
റോഡരികിലെ മതിലിലും എതിർഭാഗത്തുള്ള വാഹനത്തിലും ഉരയാതെ വാഹനം കടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്ന ഡ്രൈവർമാരെ റോഡിന്റെ തകർച്ച ഏറെ വിഷമിപ്പിക്കുകയാണ്. റോഡ് വികസനം അടുത്തൊന്നും നടക്കാനിടയില്ലാതിരിക്കെ ഉള്ള റോഡെങ്കിലും ഗതാഗത യോഗ്യമാക്കിത്തരണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.