ചെറുവട്ടൂര്‍-പായിപ്ര റോഡ് തകർന്നു : നാട്ടുകാർക്ക് ദുരിതയാത്ര
1590987
Friday, September 12, 2025 4:09 AM IST
മൂവാറ്റുപുഴ: പൊതുമരാമത്തിന്റെ കീഴിലുള്ള ചെറുവട്ടൂര്‍-പായിപ്ര റോഡിലെ ഏനാലികുന്ന് ഭാഗത്തെ റോഡ് തകർച്ചയിലായിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ അധികൃതർ. സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ മൂലം ഗതാഗത തടസവും പതിവാണ്.
ഇതിനു പുറമെ ഇവിടെ ജല അഥോറിറ്റിയുടെ പൈപ്പ്പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ടും മാസങ്ങളായി. റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അകടത്തില്പ്പെടുന്നതും പതിവാണ്. ദിവസവും കുഴികളുടെ വിസ്താരം കൂടുകയാണ്.
പ്രദേശത്തെ 40 പ്ലൈവുഡ് കമ്പനികളിലേക്ക് ദിവസേന നിരവധി തടിലോറികളാണ് ലോടുമായി ഇതിലൂടെ ഇരുവശത്തേക്കും പോകുന്നത്. കൂടാതെ നിരവധി സ്കൂള്‍ ബസുകളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. റോഡിന്റെ ശോച്യാവ്ഥയിൽ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്.
പായിപ്ര കലയില്‍നിന്ന് തുടങ്ങുന്ന റോഡ് ചെറുവട്ടൂര്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇതില്‍ മൂന്നര കിലോമീറ്റര്‍ ദൂരം മൂവാറ്റുപുഴ പിഡബ്ല്യുഡിയുടെ കൈവശത്തിലാണ്. ബാക്കിഭാഗം കോതമംഗലത്തിന് കീഴിലും.
മൂവാറ്റുപുഴ ഭാഗത്തെ റോഡാണ് തകര്‍ന്നുകിടക്കുന്നത്. ഏനാലികുന്നില് മാത്രമല്ല എസ്റ്റേറ്റ് പടിയിലും ഷാപ്പുംപടിയിലും സമഷ്ടിപടിയിലും റോഡ് തകര്‍ച്ചയിലാണ്. റോഡിന് ആവശ്യമായ വീതി ഇല്ലാത്തതും അപകടം വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്.