അദ്വൈതാശ്രമ പരിസരത്തെ കൊടികൾ മാറ്റിയ സംഭവം : ആലുവ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചുമായി സംഘടനകൾ
1590999
Friday, September 12, 2025 4:22 AM IST
ആലുവ: ഗുരുദേവ ജയന്തിയുടെ ഭാഗമായി അദ്വൈതാശ്രമത്തിൽ സ്ഥാപിച്ചിരുന്ന പീതപതാകകളും ബോർഡുകളും വലിച്ചെറിഞ്ഞതിൽ പ്രതിഷേധിച്ച് ആലുവ നഗരസഭാ ഓഫീസിലേക്ക് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ചുകൾ നടത്തി. ഇതിനിടയിൽ മഞ്ഞുരുക്കാൻ അൻവർ സാദത്ത് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ എന്നിവർ അദ്വൈതാശ്രമം സന്ദർശിച്ച് സെക്രട്ടറി സ്വാമി ധർമ ചൈതന്യയുമായി ആശയവിനിമയം നടത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.
അദ്വൈതാശ്രമത്തിന്റെ ആഭിമുഖ്യത്തിലാണ് ആദ്യ പ്രതിഷേധ മാർച്ച് ആലുവ നഗരസഭ ഓഫീസിലേക്ക് നടന്നത്. അദ്വൈതാശ്രമത്തിൽ നിന്നും നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്ത മാർച്ച് നഗരസഭ കവാടത്തിൽ ആലുവ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അധ്യക്ഷനായി.
സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇതേ ആവശ്യം ഉന്നയിച്ച് പ്രതിഷേധ മാർച്ച് നടത്തി. ഉദ്യോഗസ്ഥരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയുടെ മുറിയിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി. എല്ലാവരെയും പോലീസ് സമാധാനപ്പെടുത്തി തിരിച്ചയച്ചു.
ബിജെപി പ്രവർത്തകരും നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ബിജെപി ജില്ലാ സെക്രട്ടറി എ. സെന്തിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി എൻ. ശ്രീകാന്ത്, കൗൺസിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധം ശക്തമായതോടെ ബിജെപി പ്രവർത്തകരെ പോലീസ്ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി.