കവര്‍ച്ചക്കേസ് പ്രതികള്‍ പിടിയില്‍
1591011
Friday, September 12, 2025 4:46 AM IST
കൊച്ചി: പനങ്ങാട് കുമ്പളം സൗത്ത് ഹോളി മേരി കോളജിനടുത്തു താമസിച്ചിരുന്ന ആസാം സ്വദേശിയുടെ വീട്ടില്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പനങ്ങാട് പോലീസ്. പള്ളുരുത്തി എംഎല്‍എ റോഡില്‍ താമസിച്ചുവരുന്ന സദ്ദാം (35), അസിബ് ശിഹാബ് (38) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്.
വര്‍ഷങ്ങളായി കുടുംബസമേതം ചെറിയ ജോലി ചെയ്തു താമസിച്ചുവന്നിരുന്ന ആസാം സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് സ്ഥിരമായി എത്തി ഭീഷണിപ്പെടുത്തി പ്രതികള്‍ ഗുണ്ടാപ്പിരിവു നടത്തിയിരുന്നു. ഇവര്‍ക്ക് പണം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കുടുംബത്തെ അതിക്രൂരമായി മര്‍ദിച്ച് 5,000 രൂപയും മൊബൈല്‍ ഫോണ്‍ അടങ്ങിയ ബാഗും കവര്‍ച്ച ചെയ്ത് പ്രതികള്‍ കടന്നുകളഞ്ഞത്.
സാരമായി പരിക്കേറ്റ ആസാം സ്വദേശി പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പള്ളുരുത്തിയില്‍നിന്ന് പ്രതികളെ പിടികൂടിയത്. കവര്‍ച്ച ചെയ്ത ബാഗും ഫോണും പണവും പിന്നീട് പോലീസ് കണ്ടെടുത്തു. പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.