വികസന രംഗത്ത് സര്‍ക്കാര്‍ വട്ടപ്പൂജ്യം: രമേശ് ചെന്നിത്തല
1590812
Thursday, September 11, 2025 7:14 AM IST
കൊച്ചി: വികസന രംഗത്ത് കേരളത്തിലെ സര്‍ക്കാര്‍ വട്ടപ്പൂജ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. പത്തു വര്‍ഷം കേരളം ഭരിച്ച പിണറായി വിജയന് ഉയര്‍ത്തിക്കാട്ടാന്‍ ഒരു പദ്ധതിപോലും നടപ്പാക്കാനായില്ലെന്നും, വരുന്ന പദ്ധതികളെ മുടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് സർക്കാർ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ജില്ലയിലെ ജനപ്രതിനിധികള്‍ സംഘടിപ്പിച്ച ധര്‍ണ കാക്കനാട് കളക്ടറേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മഞ്ഞക്കുറ്റി സ്ഥാപിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വര്‍ഷങ്ങളായി അങ്കമാലി-ശബരിപാതയുടെ സ്ഥിതിയും മറിച്ചല്ല, അങ്കമാലിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗിഫ്റ്റ് സിറ്റി ഇതുവരെ ഒന്നുമായിട്ടില്ല, കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി പ്രഖ്യാപിച്ച് വര്‍ഷങ്ങളായി, തോമസ് ഐസക്കിന്റെ കാലം മുതല്‍ എല്ലാ ബജറ്റിലും പ്രഖ്യാപനം ഉണ്ടെങ്കിലും പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
എംപിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, എംഎല്‍എമാരായ റോജി എം. ജോണ്‍, കെ. ബാബു, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, ഉമ തോമസ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരാണ് സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരെ കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണാ സമരം നടത്തിയത്.
എറണാകുളത്തിന്റെ സമഗ്ര വികസനത്തിന് ഉപകാരപ്രദമാകുന്ന പദ്ധതി സര്‍ക്കാരിന്റെ അനാസ്ഥ മൂലം അനശ്ചിതാവസ്ഥയിലാണെന്ന് ജന പ്രതിനിധികള്‍ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസഫ് വാഴയ്ക്കന്, ഡൊമിനിക് പ്രസന്റേഷന്, വി.പി. സജീന്ദ്രന്, ജയ്സണ്‍ ജോസഫ്, ഐ.കെ. രാജു, എം.ഒ. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.