വൈറ്റില റെയിൽവേ മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു : മൂന്നര മണിക്കൂർ ഗതാഗതം സ്തംഭിച്ചു
1591013
Friday, September 12, 2025 4:46 AM IST
വൈറ്റില: ദേശീയപാതയിൽ വൈറ്റില പാലം കഴിഞ്ഞുള്ള റെയിൽവേ മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. ഇടപ്പള്ളി ഭാഗത്തേയ്ക്കുള്ള മേൽപ്പാലത്തിന്റെ ഇറക്കത്തിൽ വച്ച് ഓട്ടോറിക്ഷ പെട്ടെന്ന് വേഗം കുറച്ചതിനെ തുടർന്ന് പിന്നാലെ വന്ന വാഹനങ്ങൾ സഡൻ ബ്രേക്കിടുകയും ബസ് അപകടത്തിൽപ്പെട്ടുകയുമായിരുന്നു.
ബൈക്കുകളിൽ തട്ടിയ ബസ് എൽപിജി ലോറിയിൽ ഇടിച്ചാണ് നിന്നത്. ബസിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണമായി തകർന്നു. സ്റ്റിയറിംഗ് ലോക്കായി ബസ് പാലത്തിന് കുറുകെയായതോടെ ഈ ഭാഗത്തെ ഗതാഗതം പൂർണമായി തടസപ്പെട്ടു.
ബസ് അപകടസ്ഥലത്തുനിന്ന് നീക്കാൻ സാധിക്കാതെ വന്നതോടെ വാഹനങ്ങളുടെ നീണ്ടനിര കുണ്ടന്നൂർ വരെ നീണ്ടു. ഇതോടെ വൈറ്റില ഭാഗം മുഴുവൻ ഗതാഗതക്കുരുക്കിലായി. ഉച്ചയ്ക്ക് 12-ഓടെ ബസ് പാലത്തിൽനിന്ന് മാറ്റിയ ശേഷമാണ് ഗതാഗതക്കുരുക്കിന് ശമനമായത്.