ചതയ ദിനാഘോഷം: കൊടികൾ നശിപ്പിച്ചതായി പരാതി
1590807
Thursday, September 11, 2025 7:11 AM IST
ആലുവ: മന്ത്രി പങ്കെടുക്കേണ്ട ചതയദിനാഘോഷ സമാപനത്തിനായി അദ്വൈതാശ്രമ അങ്കണത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ വലിച്ചെറിഞ്ഞ് നശിപ്പിച്ചതായി പരാതി. ഇന്ന് ആലുവ നഗരസഭാ ഓഫീസിലേക്ക് ആശ്രമ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് മാർച്ചും ധർണയും നടത്തും.ഇന്നലെ ഉച്ചയോടെ 12 നാണ് പൊതുസ്ഥലത്ത് കൊടിതോരണങ്ങൾ പാടില്ലെന്ന കോടതി ഉത്തരവിന്റെ മറവിൽ അദ്വൈതാശ്രമവളപ്പിൽ സ്ഥാപിച്ചിരുന്ന പീതപതാകകളും ബോർഡും നഗരസഭാ അധികൃതർ നശിപ്പിച്ചതായാണ് ആരോപണം.
ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപനം സമ്മേളനം 14നാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന പ്രചരണമാണ് നശിപ്പിച്ചത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെനേതൃത്വത്തിലെത്തിയ കണ്ടിജൻസി വിഭാഗമാണ് ആശ്രമം അധികൃതരോട് പോലും ചോദിക്കാതെ ഗുരുദേവ സൂക്തങ്ങൾ ആലേഖനം ചെയ്ത കൊടികൾ പിഴുതെടുത്ത് എറിയുകയും ജയന്തി ആഘോഷങ്ങളുടെ പ്രചരണ ബോർഡുകൾ വലിച്ചെറിയുകയും ചെയ്തതത്.
ആശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും അത് കാര്യമാക്കാതെ നശിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിഴുതെറിഞ്ഞ കൊടികൾ പിന്നീട് നഗരസഭയുടെ മലിജല സംസ്കരണ പ്ലാന്റിനോട് ചേർന്ന മാലിന്യം നിറഞ്ഞ ഗോഡൗണിലും ഏതാനും കൊടികൾ തള്ളിയിട്ടിട്ടുണ്ട്. അതേസമയം പൊതുസ്ഥലത്തെ കൊടിതോരണങ്ങളാണ് നശിപ്പിച്ചതെന്ന് ആലുവ നഗരസഭാധികൃതർ പറയുന്നു.