കീരമ്പാറ പഞ്ചായത്തിൽ വയറിളക്കവും ഛർദ്ദിയും വ്യാപിച്ച സംഭവം; വില്ലനായത് റൊട്ട വൈറസ്
1590794
Thursday, September 11, 2025 7:11 AM IST
കോതമംഗലം: കീരമ്പാറ പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വയറിളക്കവും ഛർദ്ദിയും പടർന്നുപിടിച്ചതിന് കാരണം റൊട്ട വൈറസാണെന്ന് കണ്ടെത്തൽ.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി നൽകിയ ജലത്തിന്റെയും മറ്റു സാമ്പിളുകളുടെയും പരിശോധന ഫലം പുറത്ത് വന്നതോടെയാണ് രോഗവ്യാപാനത്തിന്റെ കാരണം വ്യക്തമായത്.
ആലപ്പുഴ വൈറോളജി ലാബിലും കക്കാനാട്ടെ ജല പരിശോധന ലാബിലുമാണ് സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ചത്. സുരക്ഷിതമല്ലാത്ത ജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഈ വൈറസ് പകരുന്നത്.
കുട്ടികളിലാണ് ഇവ രോഗബാധയുണ്ടാകുന്നത്. നിലവിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കളപ്പാറ, കരിയിലപ്പാറ, ചെങ്കര എന്നിവടങ്ങളിൽ ഈ മാസം ഒന്നു മുതലാണ് രോഗം പ്രത്യക്ഷപ്പെട്ടത്. ജില്ല ആരോഗ്യ വിഭാഗം ചൊവ്വാഴ്ച്ച സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു.