എങ്ങുമെത്താതെ അങ്കമാലി– കുണ്ടന്നൂര്‍ ബൈപ്പാസ്
1590810
Thursday, September 11, 2025 7:11 AM IST
കൊച്ചി: ഭൂമിയേറ്റെടുക്കലിനുള്ള 3 എ വിജ്ഞാപനം ഇറങ്ങി ഒരുവര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അങ്കമാലി–കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മാണം അനിശ്ചിതത്വത്തില്‍. രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം അവതാളത്തിലായിരിക്കുന്നത്.
ഭൂമിയേറ്റെടുക്കലിന് 3 എ വിജ്ഞാപനം ഇറങ്ങിയാല്‍ ഒരു വര്‍ഷത്തിനകം അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ച് 3 ഡി വിജ്ഞാപനം ഇറക്കിയാലെ നടപടികള്‍ പൂര്‍ത്തിയാകൂ. ഡിപിആര്‍ പ്രകാരം അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കേണ്ടത് ദേശീയപാത അഥോറിറ്റിയാണ്. 3 എ വിജ്ഞാപനത്തിന് ഒരുവര്‍ഷം പൂര്‍ത്തിയായ കഴിഞ്ഞ കഴിഞ്ഞ 29നകം നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 3 ഡി വിജ്ഞാപനം ഇറക്കാന്‍ അഥോറിറ്റിക്കായില്ല. ഇതോടെ 3 എ വിജ്ഞാപനം റദ്ദായി. പുതിയ വിജ്ഞാപനം ഇറക്കി നടപടികള്‍ പുനരാരംഭിക്കാന്‍ ഇനിയും ദേശീയപാത അഥോറിറ്റി തീരുമാനമെടുത്തിട്ടുമില്ല. ഇതോടെ 3 എ വിജ്ഞാപനത്തിലൂടെ അലൈന്മെന്റില് ഉള്‍പ്പെട്ട ഭൂ ഉടമകളും പ്രതിസന്ധിയിലായിരിക്കുകയാണ്.
അങ്കമാലി മുതല്‍ കുണ്ടന്നൂര്‍വരെ 44 കിലോമീറ്റര്‍ ആറുവരിപ്പാതയാണ് നിര്‍മിക്കേണ്ടത്. ഇതിനായി 18 വില്ലേജുകളിലായി 280 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. നിലവില്‍ നാമമാത്രമായ ഭൂമിയിലാണ് കല്ലിടാന്‍ കഴിഞ്ഞിട്ടുള്ളത്. നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി റോഡ് നിര്‍മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് എലവേറ്റഡ് പാതയാണ് നിലവില്‍ ആലോചനയിലുള്ളതെന്നാണ് വിവരം.
6,000 കോടി രൂപ ചെലവില്‍ 44.7 കിലോമീറ്റര്‍ നീളുന്നതാണ് പുതിയ റോഡ്. കുണ്ടന്നൂര്‍ നെട്ടൂരില്‍ നിന്ന് ആരംഭിച്ച് പുത്തന്‍കുരിശ് . പട്ടിമറ്റം, കാഞ്ഞൂര്‍, മറ്റൂര്‍ വഴി അങ്കമാലി കരയാംപറമ്പിലെത്തുന്നതാണ് നിലവിലെ അലൈന്മെന്റ്. 45 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മാണം. പുതിയ റോഡ് വരുന്നതോടെ വൈറ്റില, ഇടപ്പള്ളി, കളമശേരി, ആലുവ പ്രദേശങ്ങളിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാനാകും.