മൊബൈൽ ഫോൺ ഹാക്ക് ചെയ്തു മൂന്നര ലക്ഷം കവർന്നു
1590992
Friday, September 12, 2025 4:22 AM IST
ആലുവ: മൊബൈൽ ഫോൺ ഹാക്ക് ചെയ്തു യുവാവിന്റെ മൂന്നര ലക്ഷം രൂപ ഓൺലൈൻ ബാങ്ക് അക്കൗണ്ട് വഴി കവർന്നതായി പരാതി. മൂക്കന്നൂർ പാലിമറ്റം മെബിൻ എമേഴ്സിന്റെ മൂന്നു ലക്ഷത്തി അമ്പത്തി എണ്ണായിരം രൂപയാണ് സ്മാർട്ട്ഫോൺ ഹാക്ക് ചെയ്ത് കവർന്നത്.
യുകെ പ്രവാസിയായിരുന്ന മെബിന്റെ വിദേശ നമ്പറിലേക്ക് വന്ന ലിങ്ക് ഓപ്പൺ ചെയ്തതാണ് ബാങ്കിന്റെ പാസ്വേഡ് ചോരാൻ കാരണമെന്നാണ് കരുതുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ യൂസർ നെയിമും പാസ്വേഡും ചോദിച്ചതോടെ സ്ക്രീൻ ബാക്ക് അടിച്ച് പുറത്തുവന്നു.
എന്നാൽ ജോലി കഴിഞ്ഞ് വൈകിട്ട് ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മെബിൻ അറിഞ്ഞത്. അങ്കമാലി ശാഖയിൽ ഉണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്. പലപ്പോഴായി കേരളത്തിനു പുറത്താണ് പണം പിൻവലിച്ചത്. ആലുവ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.