മൂവാറ്റുപുഴ ലത പാലത്തിലെ കുഴികള്‍ അടച്ച് ഓട്ടോ തൊഴിലാളികള്‍
1590797
Thursday, September 11, 2025 7:11 AM IST
മൂവാറ്റുപുഴ: അധികൃതരുടെ അനാസ്ഥയ്ക്കിടയില് മൂവാറ്റുപുഴ ലത പാലത്തിലെ കുഴികള്‍ അടയ്ക്കാന്‍ മുന്നിട്ടിറങ്ങി ഓട്ടോ തൊഴിലാളികള്‍.
ആശ്രമം ഓട്ടോസ്റ്റാന്‍ഡിലെ ഇരുപതോളം തൊഴിലാളികള്‍ ചേര്‍ന്നാണ് മൂവാറ്റുപുഴ-തൊടുപുഴ റോഡിലെ ലതാ പാലത്തിലുള്ള കുഴികള്‍ അടച്ചത്.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാലത്തില്‍ രണ്ട് മാസത്തോളമായി ടാറിംഗ് ഇളകി നിരവധി കുഴികള്‍ രൂപപ്പെട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലായിരുന്നു.
ഇതോടെ പാലത്തില്‍ ഗതാഗതക്കുരുക്കും പതിവായിരുന്നു, അധികൃതരോട് കുഴി അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇല്ലാത്തതിനാലാണ് പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കുഴിയടക്കാന്‍ മുന്നിട്ടിറങ്ങിയതെന്ന് ഓട്ടോ തൊഴിലാളി ദിലീപ് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചാണ് പാലത്തില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടത്തിയത്. പഴയ ഫയര്‍ സ്റ്റേഷന് ഭാഗത്ത് കിടന്ന് ഉപയോഗശൂന്യമായിരുന്ന ടാറിംഗ് മിശ്രിതം ഉപയോഗിച്ചാണ് കുഴികളടച്ചത്.