‘കുടിയുണ്ടെങ്കിൽ ലോക്കലിൽ വേണ്ട’; സിപിഎം പഠന ക്ലാസുകൾ തുടങ്ങി
1590811
Thursday, September 11, 2025 7:11 AM IST
കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള പഠന ക്ലാസുകളും സംഘടനാ ചർച്ചകളും ജില്ലയിൽ ആരംഭിച്ചു. ജില്ലയിലെ 16 ഏരിയ കമ്മിറ്റികളിലും സംഘടനാ ചർച്ചകൾ പൂർത്തിയായി. ലോക്കൽ കമ്മറ്റികളിൽ ചർച്ചകൾ നടന്നുവരികയാണ്.
ദിവസം രണ്ടു ലോക്കൽ കമ്മിറ്റികളിൽ വീതമാണ് ചർച്ച. നവകേരളം, സംഘടനാതലം, വർഗീയതയ്ക്കെതിരെ എന്നീ മൂന്ന് വിഷയങ്ങളിൽ ഉൗന്നിയുള്ള പഠന ക്ലാസുകൾ മൂന്നുമണിക്കൂർ നീളും. ലോക്കൽ, ഏരിയ നേതാക്കളാണ് ക്ലാസെടുക്കുന്നത്. മൂന്ന് ലോക്കൽ കമ്മറ്റികളിൽ തുടർച്ചയായി വരാത്തവരെയും, മദ്യപാന ശീലമുള്ള ലോക്കൽ കമ്മറ്റിയംഗങ്ങളുണ്ടെങ്കിൽ അവരെയും ഒഴിവാക്കണമെന്ന നിർദേശങ്ങളുള്ള സംസ്ഥാന സർക്കുലറാണ് ലോക്കൽ കമ്മറ്റികൾക്ക് വിതരണം ചെയ്തിട്ടുള്ളത്. പാർട്ടിയിൽ പ്രവർത്തിക്കാത്തവരെ ഒഴിവാക്കി പകരം വർഗ ബഹുജന സംഘടനകളിൽ നിന്നും 40 വയസിൽ താഴെയുള്ള യുവതീയുവാക്കളെ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ഒരു വർഷത്തെ ലോക്കൽ പ്രവർത്തന റിപ്പോർട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി അവതരിപ്പിക്കണം. ഈ റിപ്പോർട്ട് ഏരിയ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും നൽകണമെന്നും നിബന്ധനയുണ്ട്. ചിട്ടയായ പ്രവർത്തനം നടത്തി ലോക്കൽ കമ്മിറ്റികളെ സജ്ജരാക്കി വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്താനുള്ള ശ്രമങ്ങളാണ് സിപിഎമ്മിൽ നടക്കുന്നത്.