ചെന്പ് തകിട് മോഷണം: ആസാം സ്വദേശി പിടിയില്‍
1591004
Friday, September 12, 2025 4:35 AM IST
കൊച്ചി: വൈറ്റില ചളിക്കവട്ടത്തുള്ള വസ്ത്രവ്യാപാര ശാലയില്‍ നിന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 100 കിലോയോളം ചെന്പ് തകിടുകൾ മോഷ്ടിച്ച സംഭവത്തിൽ ആസാം സ്വദേശി പിടിയിലായി. ആസാം നഗാവോണ്‍ സ്വദേശി നബി ഹുസൈനെ(21)യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്നതായി കഴിഞ്ഞമാസം സ്ഥാപനത്തിന്റെ മാനേജര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്.
നഗരത്തിലെ വിവിധ ഫ്ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലും എര്‍ത്തിംഗിനായി സ്ഥാപിച്ചിരുന്ന ചെന്പ് തകിടാണ് പ്രതി മോഷ്ടിച്ചത്. അടുത്ത കാലത്തു നടന്ന മോഷണങ്ങളും മോഷണ ശ്രമങ്ങളും നടത്തിയത് ഇതരസംസ്ഥാനക്കാരനായ ഒരു ചെറുപ്പക്കാരന് തനിച്ചാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് സമീപ പ്രദേശങ്ങളിലേതടക്കം 300ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പെരുമ്പാവൂരിലും തുടര്‍ന്ന് ആലുവ കമ്പനിപ്പടിയിലും താമസമാക്കിയ പ്രതിയിലേക്ക് അന്വേഷണ സംഘമെത്തിയത്.
നഗരത്തില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വഴി മനസിലാക്കിയ ശേഷം മോഷ്ടിക്കാനുള്ള സ്ഥലം കണ്ടെത്തി രാത്രി സമയത്ത് മോഷണം നടത്തുകയാണ് പ്രതിയുടെ രീതി.
കെട്ടിടങ്ങളിലെ ഇലക്ട്രിക് പവര്‍ യൂണിറ്റുകളില്‍ എര്‍ത്തിംഗിനായി ഉപയോഗിക്കുന്ന ചെന്പ് തകിടുകൾ ഉപകരണങ്ങൾ ഉപയോഗിച്ച് അഴിച്ചെടുത്ത് ബാഗിലാക്കി കടത്തികൊണ്ടുപോകുകയാണ് പതിവ്. വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് പല തവണയായാണ് പ്രതി ചെന്പ് തകിടുകൾ കടത്തിയത്. മോഷണമുതലിന്റെ കുറച്ചു ഭാഗം പോലീസ് കണ്ടെത്തി.