പിറവം വള്ളംകളി ഒക്ടോബര്‍ നാലിന്
1590790
Thursday, September 11, 2025 7:11 AM IST
പിറവം: ചാമ്പ്യൻസ് ബോട്ട് റേസ് ലീഗിന്റെ ഭാഗമായി പിറവത്ത് വള്ളംകളി മത്സരം ഒക്ടോബര്‍ നാലിന് നടക്കും. ഇതിനായി വിപുലമായ ഒരുക്കങ്ങൾ പിറവത്ത് ആരംഭിച്ചു. പിറവം പാലത്തിന് സമീപം മുവാറ്റുപുഴയാറിലാണ് മത്സരം നടക്കുന്നത്. ഇതിനു മുമ്പ് നടന്ന സിബിഎൽ മത്സരങ്ങളിലും പിറവം വേദിയായിട്ടുണ്ട്.
പിറവത്തെ വള്ളം കളി മത്സരം ഒഴുക്കിനെതിരേ നടക്കുന്നുവെന്നുള്ള പ്രത്യേകതയുമുണ്ട്. സിബിഎൽ മത്സരങ്ങളിൽ മറ്റെങ്ങും ഒഴുക്കിനെതിരേ തുഴയെറിയുന്നില്ല. ഇതിനാൽ മത്സരം കാണുന്നതിനായി വിദേശികളടക്കം നിരവധി കാണികൾ ഇവിടെ എത്തിച്ചേരാറുണ്ട്. സിബിഎൽ മത്സരത്തിൽ ഒമ്പതോ അതിലധികമോ ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കാനെത്തുന്നത്. ഇതിനൊപ്പം തന്നെ പ്രാദേശികമായി പിറവം നഗരസഭ ഓടി, ചുരുളൻ വള്ളങ്ങളുടെ മത്സരവും സംഘടിപ്പിക്കും.
സിബിഎൽ മത്സരം സംബന്ധിച്ച് സർക്കാർ തലത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു. നേരത്തെ ചാമ്പ്യൻസ് ബോട്ട് റേസ് ചാമ്പ്യന്‍സ് ലീഗിന്റെ തീയതികളെ സംബന്ധിച്ച് ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുകയും, തുടർന്ന് അന്തിമ തീരുമാനത്തിനായി സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സിബിഎൽ മത്സരം 19ന് ആലപ്പുഴ കൈനകരിയില്‍ ആരംഭിച്ച് ഡിസംബര്‍ ആറിന് കൊല്ലം പ്രസിഡന്റ്സ് ട്രോഫിയിലൂടെ സമാപിക്കും. സംഘാടക സമിതി കൂടി പിറവം വള്ളംകളിയുടെ വിപുലമായ ഒരുക്കങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു.