തുമ്പിച്ചാലിലെ താമരക്കൃഷിക്ക് ഭീഷണിയായി രാസമാലിന്യം
1569679
Monday, June 23, 2025 4:56 AM IST
ആലുവ: പ്രകൃതി രമണീയമായ തുമ്പിച്ചാൽ തടാകത്തിലേക്ക് മഴക്കാലം മറയാക്കി നാലാം മൈൽ വ്യവസായ മേഖലകളിൽ നിന്ന് രാസമാലിന്യം ഒഴുകുന്നതായി പരാതി. തുമ്പിച്ചാലിൽ നിന്നുമുള്ള വെള്ളത്തിൽ കൈയും കാലും കഴുകുമ്പോൾ പലപ്പോഴും ശക്തമായ ചൊറിച്ചിലാണ് അനുഭവപ്പെടുന്നതെന്നാണ് ആക്ഷേപം.
ഇന്നലെ ചേർന്ന കീഴ്മാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഗ്രാമ സഭയിലാണ് പരാതി ഉയർന്നത്. രാസമാലിന്യ മൊഴുക്കുന്നത് തടയുന്നതിന് അടിയന്തര നടപടി ഉണ്ടാവണമെന് ആറാം വാർഡ് ഗ്രാമസഭ ആവശ്യപ്പെട്ടു. അടിയന്തര നടപടി ഉണ്ടാവുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു പറഞ്ഞു.
2022 ഒക്ടോബറിൽ വൻതോതിൽ മാലിന്യങ്ങൾ ഒഴുകി തുമ്പിച്ചാലിലെ മുഴുവൻ മത്സ്യങ്ങളും ചത്തുപൊങ്ങുകയും താമര കൃഷി അടക്കം കരിഞ്ഞ് ഉണങ്ങുകയും ചെയ്തിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ അടക്കമുള്ളവർ വന്ന് പരിശോധിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും വാർഡ് യോഗത്തിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി.