എംപി അവാര്‍ഡ് 2025 വിതരണം ചെയ്തു
1569673
Monday, June 23, 2025 4:43 AM IST
കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കായി ഹൈബി ഈഡന് എംപി ഏര്‍പ്പെടുത്തിയ എംപി അവാര്‍ഡ് 2025ന്റെ വിതരണോദ്ഘാടനം നടൻ ടൊവിനോ നിർവഹിച്ചു.
അറിവ് വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന കാലഘട്ടത്തില്‍ അതിനൊപ്പം ഓടിയെത്താനുള്ള ശ്രമകരമായ ദൗത്യം വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. മണ്ഡലത്തിലെ 86 സ്കൂളുകളില്‍ നിന്നായി 1128 വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം തന്നെ കുട്ടികള്‍ക്ക് അവരുടെ പാഷന് ഫോളോ ചെയ്യാന്‍ കഴിയണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഡയറക്ടര്‍ ന്യൂ ഇനീഷ്യേറ്റീവ്സ് ഡോ. ടോം ജോസഫ് പറഞ്ഞു. ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി കൊച്ചിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
മണ്ഡലത്തില്‍ പ്ലസ്ടു പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ്എസ്, കളമശേരി രാജഗിരി എച്ച്എസ്എസ് എന്നീ സ്കൂളുകളെ ആദരിച്ചു. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ സെന്റ് തെരേസാസ് എച്ച്എസ്എസിലെ ദേവിക ശ്രീജിത്തിനെ അനുമോദിച്ചു.
എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടന്ന ചടങ്ങില്‍ ടി.ജെ. വിനോദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സെന്റ് തെരേസാസ് കോളജ് വൈസ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ സുചിത തുടങ്ങിയവര്‍ പങ്കെടുത്തു.