വാൻ വൈദ്യുത പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
1569304
Sunday, June 22, 2025 4:42 AM IST
കൂത്താട്ടുകുളം: എംസി റോഡ് രാമപുരം കവലയിൽ ഗുഡ്സ് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വൈദ്യുത പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. പട്ടിക്കാട് സ്വദേശി കോനാരത്ത് ഷാനവാസിനാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 12.30ഓടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നു വരികയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ കൂത്താട്ടുകുളം അഗ്നിശമന രക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്.
ഷാനവാസിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.