13 കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്തു
1569305
Sunday, June 22, 2025 4:42 AM IST
പോത്താനിക്കാട്: പഞ്ചായത്തിലെ ഭൂരഹിതരായ 13 കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്തു. പ്രവാസിയായ പുളിന്താനം മഠത്തിക്കുടിയിൽ ബേബി ജോസഫ് പോത്താനിക്കാട് ഗ്രാമപഞ്ചായത്തിന് വിട്ടുനൽകിയ ഒരേക്കർ 10 സെന്റിൽ നിന്ന് 50 സെന്റ് സ്ഥലമാണ് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട അർഹരായ 13 പേർക്ക് വിതരണം ചെയ്തത്. മാത്യു കുഴൽനാടൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കളക്ടർ എൻ.എസ്.കെ. ഉമേഷ് ഗുണഭോക്താക്കൾക്ക് ഭൂമിയുടെ രേഖകൾ കൈമാറി.
വൈസ് പ്രസിഡന്റ് ആശ ജിമ്മി, സ്ഥിരംസമിതി അംഗങ്ങളായ ജിനു മാത്യു, മേരി തോമസ്, ഫിജിന അലി, പഞ്ചായത്തംഗങ്ങളായ ജോസ് മേലേത്ത്, ബിസ്നി ജിജോ, സുമ ദാസ്, ഡോളി സജി, വിൻസൻ ഇല്ലിക്കൽ, സാബു മാധവൻ, സിഡിഎസ് അധ്യക്ഷ സിജി ജോർജ്, എ.ബി. മൈതീൻ എന്നിവർ പ്രസംഗിച്ചു.
സൗജന്യമായി ലഭിച്ച സ്ഥലത്തിൽ നിന്ന് 60 സെന്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണത്തിനായി വാട്ടർ അഥോറിറ്റിക്ക് കൈമാറിയിരുന്നു.