കുമ്പളങ്ങി പടന്നക്കരി സ്ലൂയിസ് തുറന്നു
1569291
Sunday, June 22, 2025 4:22 AM IST
മട്ടാഞ്ചേരി : കുമ്പളങ്ങി പഞ്ചായത്തിലെ പടന്നക്കരി സ്ലൂയിസിന്റെയും അപ്പ്രോച്ച് റോഡിന്റെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
കെ.ജെ. മാക്സി എംഎൽഎ അധ്യക്ഷത വഹിച്ചു. വർഷങ്ങളായി കുമ്പളങ്ങി പഞ്ചായത്തിന് ലേലത്തിലൂടെ ലക്ഷങ്ങൾ നേടി കൊടുക്കുന്ന സ്ലൂയിസാണ് പടന്നക്കരി, എന്നാൽ സ്ലൂയിസ് തകർന്നതുമൂലം പഞ്ചായത്തിന്റെ വരുമാന മാർഗം നിലയ്ക്കുകയും പാടശേഖരത്തിലെ 152 ഏക്കറോളം ഭൂമി കൃഷി ചെയ്യുവാൻ സാധിക്കാതെ വരികയും ചെയ്തു. ഈ പ്രദേശത്ത് യാത്രാക്ലേശവും ഓര് വെള്ള പ്രശ്നവും ഇതുമൂലം ഉണ്ടായി.
ജലവിഭവവകുപ്പിന്റെ 1.53 കോടി രൂപയും എംഎൽഎ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും അനുവദിച്ചാണ് സ്ലൂയിസും അപ്പ്രോച്ച് റോഡ് നിർമാണവും നിർവഹിച്ചിരിക്കുന്നത്. സ്ലൂയീസ് യഥാർഥ്യമായതോടെ പടന്നക്കരി നിവാസികളുടെ യാത്രാ ക്ലേശത്തിനും കുമ്പളങ്ങിയിലെ പടിഞ്ഞാറൻ മേഖലയിലെ ഓരു വെള്ളക്കെട്ടിനും പരിഹാരമാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, പി.എ. പീറ്റർ, ജയ്സൺ ടി. ജോസ്, എം.എം. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.