കൊച്ചി നഗരത്തില്‍ മൂന്നര മാസത്തിനിടെ പിടിച്ചെടുത്തത് 871 ഗ്രാം എംഡിഎംഎ
1546565
Tuesday, April 29, 2025 6:56 AM IST
കൊച്ചി: കഴിഞ്ഞ മൂന്നര മാസത്തിനിടെ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം പിടിച്ചെടുത്ത് 871.24 ഗ്രാം എംഡിഎംഎ. 2025 ജനുവരി ഒന്നു മുതല്‍ 2025 ഏപ്രില്‍ 15 വരെ 98 ലഹരിക്കേസുകളാണ് ഡാന്‍സാഫ് സംഘം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 122 പേരാണ് അറസ്റ്റിലായത്.
വാണിജ്യാടിസ്ഥാനത്തില്‍ ലഹരി വില്പനയുമായി ബന്ധപ്പെട്ട് 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മീഡിയം അളവില്‍ ലഹരി കൈവശം വച്ചതിന് 23 കേസുകളും ചെറിയ അളവിലുള്ള 61 ലഹരിക്കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. പിടിച്ചെടുക്കപ്പെട്ട കഞ്ചാവ് 137.42 കിലോഗ്രാമാണ്.
15.26 ഗ്രാം ഹാഷിഷ് ഓയില്‍, 18.5 ഗ്രാം എല്‍എസ്ഡി ഷുഗര്‍ ക്യൂബ്, 121.91 ഗ്രാം മെത്താഫിറ്റമിന്‍, 11.86 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും ഡാന്‍സാഫ് സംഘം പിടികൂടുകയുണ്ടായി.
നര്‍ക്കോട്ടിക് സെല്‍ എസി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ ലഹരി വേട്ടയാണ് നടന് ഷൈന്‍ ടോം ചാക്കോ, റാപ്പര്‍ വേടന് എന്നിവരുടെ അറസ്റ്റിലേക്ക് നയിച്ചതും.
കേസുകളുടെ എണ്ണം കുറഞ്ഞു: നര്‍ക്കോട്ടിക് സെല്‍ എസി
നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി പരിശോധന ശക്തമായതോടെ ലഹരിക്കേസുകളുടെ എണ്ണം കുറഞ്ഞതായി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാം പറഞ്ഞു. ലഹരിയുമായി പിടിയിലാകുന്നവരില്‍ ഏറെയും ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.