ചെക്ക് ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
1546107
Monday, April 28, 2025 12:49 AM IST
പോത്താനിക്കാട്: പറന്പഞ്ചേരി ചെക്ക് ഡാമിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പത്താം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാലാന്പൂർ കൊയ്ക്കാട്ട് എൽദോസിന്റെ മകൻ സാം കെ. എൽദോ (16) ആണ് മരിച്ചത്. ഇന്നലെ രാവിലെ നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് ചെക്ക് ഡാമിന് താഴെയുള്ള കയത്തിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ പെട്ടെന്ന് നിലതെറ്റി സാം ഒഴുക്കിൽപ്പെടുകയായിരുന്നു.
അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയും പുഴയിലെ കലക്കലും മൂലം ഫലം കണ്ടില്ല. തുടർന്ന് ഇന്നലെ നേവി സംഘം എത്തി തെരച്ചിൽ നടത്തുകയായിരുന്നു. സംസ്കാരം ഇന്ന് 11ന് കാലാന്പൂർ സെന്റ് മേരീസ് പള്ളിയിൽ.
പുളിന്താനം സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു സാം. മാതാവ്: ഷീജ. സഹോദരങ്ങൾ: മീനു, മേഘ (ഇരുവരും ഓസ്ട്രേലിയ), മരിയ.