ആലുവ റെയിൽവേ മേൽപ്പാലം അടച്ചിട്ട് ആറ് മാസം; അറ്റകുറ്റപ്പണി ഇന്നാരംഭിക്കും
1546202
Monday, April 28, 2025 4:16 AM IST
ആലുവ: അപകടാവസ്ഥയിലായതിനെ തുടർന്ന് അടച്ചിട്ട ആലുവ റെയിൽവേ മേൽ നടപ്പാലത്തിന്റെ അറ്റകുറ്റപ്പണി ഇന്നാരംഭിക്കും. കഴിഞ്ഞ വർഷം നവംബറിൽ നടപ്പാലം അടച്ചത് മൂലം വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു.
തൃശൂർ ആസ്ഥാനമായുള്ള റെയിൽവേ പൊതുമരാമത്ത് വിഭാഗം ടെൻഡർ വിളിക്കാൻ വൈകിയതാണ് അറ്റകുറ്റപ്പണി നീളാൻ കാരണമായത്. അടിയന്തിരമായി ചെയ്യണമെങ്കിൽ ചെലവ് വഹിക്കണമെന്ന നിർദേശം റെയിൽവേ വച്ചതോടെ ആലുവ നഗരസഭയും പിൻവാങ്ങി.
ആലുവ, ചാലക്കുടി, തൃശൂർ സ്റ്റേഷനുകളിലെ മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പൊതുവായാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ആലുവയിൽ ഇന്ന് പണി തുടങ്ങുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. വൈകുന്നതിനെതിരെ പരാതി നൽകിയ പൊതുപ്രവർത്തകനായ ആർ. പത്മകുമാറിനെയാണ് അറ്റകുറ്റപ്പണി ഇന്നാരംഭിക്കുമെന്നറിയിച്ചിരിക്കുന്നത്.
നടപ്പാലം അപകടാവസ്ഥയിലാണെന്ന് 'ദീപിക' യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ എൻജിനീയറിംഗ് വിഭാഗം പരിശോധന നടത്തിയാണ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്.
നിലവിൽ റെയിൽവേ സ്റ്റേഷന്റെ മറുവശത്തുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ, മിനി സിവിൽ സ്റ്റേഷൻ, മുനിസിപ്പൽ ലൈബ്രറി എന്നിവിടങ്ങളിലേക്ക് പോകാൻ മൂന്ന് കിലോമീറ്ററോളം ചുറ്റി വേണം എത്താൻ.
റെയിൽവേ ട്രാക്കുകൾ മറികടന്ന് വിദ്യാർഥികൾ വന്നു പോകുന്നത് അപകട സാധ്യത ഉണ്ടാക്കുന്നതായി അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണി തീർക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്.