ജില്ലാ ട്രൈബൽ ഫെസ്റ്റ് ‘ഊരാട്ടം’ രണ്ട് മുതൽ കുട്ടന്പുഴയിൽ
1546536
Tuesday, April 29, 2025 6:36 AM IST
കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും കുട്ടന്പുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജില്ലാ പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ട്രൈബൽ ഫെസ്റ്റ് ഊരാട്ടം രണ്ട് മുതൽ നാലുവരെ കുട്ടന്പുഴ ടൗണ് ഹാളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ ഗോത്രവർഗ സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ജില്ലാ പഞ്ചായത്തും കുട്ടന്പുഴ പഞ്ചായത്തും നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ പദ്ധതികളുടെ ഭാഗമായിട്ടാണ് ജില്ലാ ട്രൈബൽ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഗോത്രവർഗ സമൂഹത്തിന്റെ പരന്പരാഗതമായ തനതു കലാരൂപങ്ങൾക്ക് പ്രചാരം നൽകുന്നതിനും ഗോത്രവർഗ കലകളെ പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും വിവിധ ഗോത്രവർഗ ഉന്നതികളിൽ നിന്നുള്ളവർ തമ്മിലുള്ള സൗഹൃദവും ബന്ധങ്ങളും ശക്തമാക്കുന്നതിനും വേണ്ടി സംഘടിപ്പിച്ചിട്ടുള്ള ജില്ലാ ട്രൈബൽ ഫെസ്റ്റിന്റെ ഭാഗമായി വിളംബര റാലി, 20ൽപ്പരം സ്ഥാപനങ്ങളുടെ പ്രദർശന മേളകൾ, വിവിധ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.
ഒന്നിന് വൈകുന്നേരം നാലിന് പ്രദർശന സ്റ്റാൾ ഉദ്ഘടനം. രണ്ടിന് ഉച്ചകഴിഞ്ഞ് 2.30ന് വിളംബര റാലി, തുടർന്ന് വൈകുന്നേരം നാലിന് ഉദ്ഘാടന സമ്മേളനം, നാടൻ പാട്ടരങ്ങ്. മൂന്നിന് രാവിലെ 9.30ന് ടൂറിസം സെമിനാർ, 11ന് വ്യവസായ സംരഭക സെമിനാർ, 12ന് വനിതാ സംരഭക സെമിനാർ, ഉച്ചകഴിഞ്ഞ് മുതൽ വിവിധ ഗോത്ര ഉന്നതികളിൽ നിന്നുള്ളവരുടെ കലാ പ്രകടനങ്ങൾ, അഞ്ചിന് കരോക്കെ ഗാനമേള, ആറിന് കൈക്കൊട്ടിക്കളി. നാലിന് രാവിലെ 9.30 മുതൽ വിവിധ ഗോത്രവർഗ ഉന്നതികളിൽ നിന്നുള്ളവരുടെ കലാ പ്രകടനങ്ങൾ, വൈകുന്നേരം നാലിന് സമാപന സമ്മേളനം, അഞ്ചിന് മല പുലയാട്ടം, ആറിന് കൈക്കൊട്ടിക്കളി എന്നിവ നടക്കും.
ഉദ്ഘാടന - സമാപന സമ്മേളനങ്ങളിൽ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജില്ലാ കളക്ടർ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം കെ.കെ ദാനി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.എ സിബി, ബിനീഷ് നാരായണൻ, ജോഷി പൊട്ടക്കൽ, ജില്ലാ പട്ടിക വർഗ വികസന ഓഫീസർ അനിൽ ഭാസ്ക്കർ, എൻ. രാജീവ്, കെ.കെ അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.