ഒന്നാം കാതോലിക്ക ബാവയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി
1546216
Monday, April 28, 2025 4:29 AM IST
പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 112-ാമത് ഓർമപ്പെരുന്നാളിന്, ബാവ കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ കൊടിയേറി. കുർബാനയ്ക്കും കബറിങ്കലെ ധൂപപ്രാർഥനയ്ക്കും ശേഷം വികാരി ഫാ. ഏബ്രഹാം പാലപ്പിള്ളിൽ കൊടിയേറ്റി.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിലും മെത്രാപ്പോലീത്താമാരായ സഖറിയാസ് മാർ സേവേറിയോസ്, ഗീവർഗീസ് മാർ ബർണബാസ് എന്നിവരുടെ സഹകാർമികത്വത്തിലുമാണ് ചടങ്ങുകൾ നടക്കുന്നത്.
വ്യാഴാഴ്ച രാവിലെ ഏഴിന് കുർബാന. വെള്ളിയാഴ്ച രാവിലെ 7.30 ന് കുർബാന, വൈകിട്ട് 5.30 മുതൽ തീർഥാടകർക്ക് സ്വീകരണം. പിറവം, മുളക്കുളം, ഓണക്കൂർ മേഖലയിൽ നിന്നുള്ള തീർഥാടകർക്ക് കാക്കൂർ സെന്റ് തോമസ് കുരിശിങ്കലും കോലഞ്ചേരി, കടമറ്റം, പുത്തൻകുരിശ്, നീറാംമുഗൾ, കണ്യാട്ടുനിരപ്പ് മേഖലകളിൽ നിന്നുള്ള തീർഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലും സ്വീകരണം നൽകും.
കബറിങ്കൽ ധൂപപ്രാർഥന, ശ്ലൈഹിക വാഴ്വ്, നേർച്ച സദ്യ എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന, തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനം, പ്രസംഗം, ധൂപപ്രാർഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ എന്നിവ നടക്കും.