നെടുന്പാശേരിയിൽ ഏഴു മാസത്തിനിടെ പിടികൂടിയത് 45 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
1546563
Tuesday, April 29, 2025 6:56 AM IST
നെടുമ്പാശേരി : കഴിഞ്ഞ ഏഴു മാസത്തിനിടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ കസ്റ്റംസ് വിഭാഗങ്ങൾ പിടികൂടിയത് 90 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ്. ഇതിന് 45 കോടിയോളം രൂപ വിലവരും.
ഇതിൽ 39.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്തുനിന്ന് കൊണ്ടുവന്നപ്പോഴും 5.5 കോടി രൂപയുടെ കഞ്ചാവ് ഇവിടെ നിന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിക്കുമ്പോഴുമാണ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 30 ന് 2.12 കോടി രൂപ വിലവരുന്ന 4.239 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. നവംബർ 15 ന് 15 കിലോ, നവംബർ 30 ന് എട്ട് കിലോ, ഡിസംബർ ഒന്പതിന് 12 കിലോ, ഡിസംബർ 16 ന് 14.500 കിലോ, ഈ വർഷം ഫെബ്രുവരി 13 ന് 15 കിലോ, മാർച്ച് 19 ന് 15 കിലോ, ഏപ്രിൽ 15 ന് 1.200 കിലോ, ഏപ്രിൽ 25 ന് 5.5 കിലോ എന്നിങ്ങനെയായിരുന്നു നെടുമ്പാശേരിയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 11 കേസുകളാണ് ഈ കാലയളവിൽ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരളത്തിലേക്ക് വൻ തോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്നത് ബാങ്കോക്കിൽ നിന്നാണ്.
സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി സുരക്ഷിതമായി എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഇവിടെ നിന്നും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയാണ്. ഇത്തരത്തിൽ വിപണനം നടത്തുമ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചിരട്ടിയിലേറെ ലാഭമാണ് ലഭ്യമാകുന്നത്. ഉന്നത ബന്ധങ്ങളുള്ള വൻ മാഫിയയാണ് മയക്കുമരുന്ന് വിപണനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പിടിയിലാകുന്ന കരിയർമാരിൽ അന്വേഷണം അവസാനിക്കുകയാണ് പതിവ്.