ഒന്നര മാസമായി വില്ലേജ് ഓഫീസർ ഇല്ല; കാക്കനാട് അപേക്ഷകൾ കെട്ടിക്കിടക്കുന്നു
1546555
Tuesday, April 29, 2025 6:56 AM IST
കാക്കനാട്: കളക്ടറേറ്റ് മന്ദിരത്തിന് ഒരു വിളിപ്പാടകലെയുള്ള കാക്കനാട് വില്ലേജ് ഓഫീസിൽ ഓഫീസർ ചുമതല വഹിക്കാൻ ഒന്നര മാസമായി ഉദ്യോഗസ്ഥനില്ല.
കളക്ടറേറ്റ് ഭരണ വിഭാഗത്തിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥയ്ക്ക് പദവി നൽകിയെങ്കിലും അവർ ലീവ് എടുത്ത് ചുമതല വിട്ടതോടെ നൂറ് കണക്കിന് ഓൺലൈൻ ഓഫ് ലൈൻ അപേക്ഷകളാണ് തീർപ്പാക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത്. അപേക്ഷകർ പരാതിയുമായെത്തിയതോടെ വാഴക്കാല വില്ലേജ് ഓഫീസർക്കു ഇവിടെ അധിക ചുമതല നൽകിയെങ്കിലും ഫയൽ നീക്കം മന്ദഗതിയിൽ തന്നെ തുടരുകയാണ്.
ഒരു മണിക്കൂർനേരമാണ് വാഴക്കാല വില്ലേജ് ഓഫീസറുടെ സേവനം കാക്കനാട് വില്ലേജ് ഓഫീസിൽ ലഭിക്കുന്നത്. തൃക്കാക്കര നഗരസഭയിലെ 43 ഡിവിഷനുകളിൽ നല്ലൊരു ശതമാനം ഡിവിഷനുകാർ ആശ്രയിക്കുന്നതും കാക്കനാട് വില്ലേജ് ഓഫീസിനെയാണ്. വില്ലേജ് ഓഫീസർ തസ്തിക നികത്താതായതോടെ നഗരസഭയിൽനിന്നും മറ്റു സർക്കാർ സർവീസുകളിൽ നിന്നും ജനത്തിനു കിട്ടേണ്ട സേവനങ്ങൾ കിട്ടുന്നില്ലെന്നാണ് ആക്ഷേപം.
പത്താം ക്ലാസും, പ്ലസ്ടൂവും കഴിഞ്ഞവർക്ക് തുടർ വിദ്യാഭ്യാസത്തിനും, പ്രഫഷണൽ കോഴ്സുകൾ പൂർത്തീകരിച്ചവർക്ക് വിദേശ ജോലി സംബന്ധമായും ഒട്ടേറെ സാക്ഷ്യപത്രങ്ങൾ വില്ലേജ് ഓഫീസുകൾ വഴിയാണ് നൽകുന്നത്.
കെട്ടിക്കിടക്കുന്ന ഓൺലൈൻ അപേക്ഷകളിൽ ഉടനടി തീർപ്പുണ്ടാക്കാൻ ജില്ലാ കളക്ടർ ഇടപെടണമെന്നും കാക്കനാട് വില്ലേജിൽ ഓഫീസറെ നിയമിച്ചുത്തരവാകണമെന്നും ആവശ്യപ്പെട്ട് സിപിഐ തൃക്കാക്കര മണ്ഡലം കമ്മിറ്റി കളക്ടർ എൻ. എസ്.കെ. ഉമേഷിന് ഇന്നലെ നിവേദനം നൽകി.