പഹല്‍ഗാം ഭീകരാക്രമണം : മുഖ്യമന്ത്രി രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ചു
1546225
Monday, April 28, 2025 4:40 AM IST
കൊച്ചി: കാഷ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.
ഇന്നലെ രാവിലെ 11.30 ഓടെ ഇടപ്പള്ളി മോഡേണ്‍ ബ്രഡിന് സമീപം മങ്ങാട്ട് റോഡിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി രാമചന്ദ്രന്റെ ഭാര്യ ഷീല, മക്കളായ ആരതി, അരവിന്ദ്, പേരക്കുട്ടികളായ ദ്രുപദ്, കേദാര്‍, മരുമക്കള്‍ ശരത്, വിനീത എന്നിവരോടൊപ്പം അരമണിക്കൂറോളം ചിലവഴിച്ചു.
മുന്നോട്ടുള്ള യാത്രയില്‍ കേരളം കൂടെയുണ്ട്. ഭീകരുടെ ആക്രമണത്തില്‍ അച്ഛന്റെ ജീവന് നഷ്ടമായപ്പോഴും പകച്ചുനില്‍ക്കാതെ മുന്നോട്ടുപോയ മകള്‍ ആരതിക്ക് ദുഃഖകാലം മറികടക്കാന്‍ ഈ ധൈര്യം തുടര്‍ന്നും പ്രേരണയാകട്ടെയെന്നും കുടുംബത്തെ ആശ്വസിപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എന്‍. ബാലഗോപാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ജില്ലാ സെക്രട്ടറി എസ്. സതിഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍. മോഹനന്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ഡിസിപി അശ്വതി ജിജി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.