നിർദിഷ്ട എടയാറ്റുചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി : കോൺഗ്രസ് സമരത്തിനിടെ സംഘർഷം
1546221
Monday, April 28, 2025 4:40 AM IST
ആലുവ: എടയാറ്റ് ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കടുങ്ങല്ലൂർ പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം സംഘർഷത്തിൽ കലാശിച്ചു. ഒഴിവ് ദിനം നോക്കി പദ്ധതി പ്രവർത്തനം ആരംഭിച്ചെന്നറിഞ്ഞ് കോൺഗ്രസ് ഇന്നലെ നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളുമായത്.
പ്രവർത്തകരെ ബിനാനി പുരം പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് വാനിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടു. 2.85 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അഴിമതിയും ധൂർത്തുമാണെന്നാണ് കോൺഗ്രസ് ആരോപണം. ഓഞ്ഞിത്തോടിലെ കൈയേറ്റങ്ങൾ ഒഴിവാക്കി കലിഞ്ഞത്തിൽ, തത്തയിൽ, തേരേപറമ്പ് ഇറിഗേഷൻ പദ്ധതികൾ വഴി വെള്ളം ലഭ്യമാക്കണമെന്നാണ് കോൺഗ്രസ് പാർട്ടി ആവശ്യപ്പെടുന്നത്.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ 17, 18, 19, 20 വാർഡുകളിലായി 400 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന എടയാറ്റുചാൽ പാടശേഖരത്ത് മഴയെ ആശ്രയിക്കാതെ നെൽകൃഷി നടത്തണമെങ്കിൽ പെരിയാറിൽ നിന്ന് വെള്ളം എത്തിക്കണമെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം.
നിർദ്ദിഷ്ട എടയാറ്റുചാൽ ലിഫ്റ്റ് ഇറിഗേഷൻ പ്രൊജക്ടിന്റെ പമ്പിംഗ് സ്റ്റേഷൻ മുപ്പത്തടത്ത് പാതാളം പാലത്തോടു ചേർന്നുള്ള സ്ഥലത്താണ് നിർമിക്കുക.
40 കുതിരശക്തിയുള്ള മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്ന വെള്ളം തൊള്ളായിരം മീറ്റർ ദൂരെയുള്ള എടയാറ്റുചാലിൽ എത്തിക്കുന്നത് ഭൂമിക്കടിയിലൂടെ വലിയ കുഴലുകൾ സ്ഥാപിച്ചാണ്. വെള്ളം എടയാറ്റുചാലിന്റെ തണ്ടിരിക്കൽ ഭാഗത്തായിരിക്കും എത്തുക. അവിടെനിന്നു തോടുകൾ നിർമിച്ച് പാടശേഖരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം ഒഴുക്കും.